സിപിഎമ്മിന്റേത് പ്രീണന നയം; യോഗിയും പിണറായിയും കൂട്ടുകാരായി: വി.ഡി. സതീശൻ
Saturday, September 27, 2025 1:07 PM IST
തിരുവനന്തപുരം: സിപിഎമ്മിന്റേത് പ്രീണന നയമാണെന്നും സർക്കാരിന്റെ കപട ഭക്തിയിൽ വിശ്വാസമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരളത്തിലെ യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണ്. യുഡിഎഫ് ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കും ഒരുപോലെ എതിരാണ്. സിപിഎം മുൻപ് ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു.
എൻഎസ്എസ്, എസ്എൻഡിപി നിലപാടിൽ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും സതീശൻ വ്യക്തമാക്കി. യോഗിയും പിണറായിയും നല്ല കൂട്ടുകാരായെന്നും സതീശൻ പരിഹസിച്ചു.
ഗോഡ്സെയുടെ പിന്തുടർച്ചക്കാരാണ് രാഹുൽ ഗാന്ധിയുടെ ശരീരത്ത് വെടിയുണ്ട കയറും എന്ന് പറയുന്നത്. രാഹുലിന്റെ ദേഹത്തൊരു മണ്ണ് വാരി ഇടാൻ കഴിയില്ല. അതിന് ജനാധിപത്യ വിശ്വാസികൾ സമ്മതിക്കില്ല.
രാഹുലിനെ ഒരു വാക്കുകൊണ്ടും ഭയപ്പെടുത്താൻ കഴിയില്ല. കേരളത്തിലെ പോലീസ് പരാമർശത്തിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ബിജെപിയുമായി പിണറായി സർക്കാർ സന്ധി ചെയ്തിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.