അന്തിക്കാട്ട് യുവാവിനെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ
Saturday, September 27, 2025 4:17 PM IST
തൃശൂർ: അന്തിക്കാട്ട് യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മണലൂർ പാണ്ടാരൻ വീട്ടിൽ പവൻദാസ് (24), മണലൂർ പാലാഴി വിളക്കേത്ത് വീട്ടിൽ വിഷ്ണുദേവ് (27), മണലൂർ പാലാഴി തണ്ടയിൽ വീട്ടിൽ രാഹുൽ (24 ) എന്നിവരാണ് അറസ്റ്റിലായത്.
കൊടൈക്കനാലിൽ നിന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.മുൻ വൈരാഗ്യത്തിന്റെ പേരിൽ കണ്ടശ്ലാംകടവ് മാമ്പുള്ളി ദേശത്ത് പാറക്കവീട്ടിൽ ആഷിക് വർഗീസ് (29 ) എന്നയാളെയാണ് പ്രതികൾ ആക്രമിച്ചത്.
ഈ മാസം മൂന്നിന് രാത്രിയാണ് പാലാഴിയിലെ വായാനശാലക്ക് സമീപം വച്ച് തടഞ്ഞ് നിർത്തി ഇവർ ആക്രമിച്ചത്. പ്രകാരം അന്തിക്കാട് പോലീസാണ് പ്രതകൾക്കെതിരെ കേസെടുത്തത്.
പ്രതികൾ കൊടൈക്കനാലിലേക്ക് കടന്നതായ വിവരം ലഭിച്ചതോടെ അന്വേഷണ സംഘം അവിടേക്ക് പോയാണ് മൂന്നുപേരെയും പിടികൂടിയത്. ഇതിൽ പവൻദാസ് അന്തിക്കാട്, വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമ കേസുകളിലടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പ നിയമ പ്രകാരം ആറ് മാസത്തേക്ക് നാടു കടത്തൽ ശിക്ഷ അനുഭവിച്ചയാളുമാണ്.
വിഷ്ണുദേവ് അന്തിക്കാട്, പാവറട്ടി പോലീസ് സ്റ്റേഷനുകളിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചകടക്കം രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. രാഹുൽ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസ് അടക്കം രണ്ട് ക്രിമിനൽ കേസിലെ പ്രതിയാണ്.