എൻഎസ്എസുമായി മധ്യസ്ഥ ചർച്ചയ്ക്ക് മുസ്ലീം ലീഗ് തയാർ; കേരളത്തിന്റെ ഭാവിയാണ് പ്രധാനമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
Saturday, September 27, 2025 4:25 PM IST
മലപ്പുറം: യുഡിഎഫ്-എൻഎസ്എസ് മധ്യസ്ഥ ചർച്ചയ്ക്ക് മുസ്ലീം ലീഗ് തയാറാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലീം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണെന്നും മുന്നണിയെ ശക്തിപ്പെടുത്താൻ ആവശ്യമായത് ചെയ്യുമെന്നും ശിഹാബ് തങ്ങൾ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ എൻഎസ്എസിന്റെ സര്‍ക്കാര്‍ അനുകൂല നിലപാട് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഎസ്എസ് നിലപാട് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുസ്ലീം ലീഗ് രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫിനെ ശക്തിപ്പെടുത്താൻ എന്ത് ചെയ്യണോ അത് മുസ്ലീം ലീഗ് ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും ശിഹാബ് തങ്ങൾ വ്യക്തമാക്കി.
കേരളത്തിന്റെ ഭാവിയാണ് പ്രധാനം. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ലക്ഷ്യം. മറ്റുള്ളവരുടെ മുന്നിൽ കയറി നിൽക്കുന്ന ശീലം ലീഗിനില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.