ബിഹാറിൽ ആര് വേണമെങ്കിലും മത്സരിക്കട്ടെ; എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും: ജഗ്ദാംബിക പാൽ എംപി
Saturday, September 27, 2025 6:07 PM IST
ന്യൂഡൽഹി: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് ബിജെപി എംപി ജഗ്ദാംബിക പാൽ. സംസ്ഥാനത്തെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ബിഹാർ തെരഞ്ഞെടുപ്പിൽ ആര് വേണമെങ്കിലും മത്സരിക്കട്ടെ. പക്ഷെ വിജയം എൻഡിഎ സഖ്യത്തിന് തന്നെയായിരിക്കും. നിതീഷ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും അത്. സ്ത്രീകൾക്ക് വേണ്ടി ഇത്രയേറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ള സർക്കാർ വേറെ ഇല്ല.'-ജഗ്ദാംബിക പാൽ അവകാശപ്പെട്ടു.
ഇന്ത്യ സഖ്യത്തിനൊന്നും ജനങ്ങൾക്കൊപ്പം നിൽക്കാൻ സാധിക്കില്ല. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള സഖ്യമാണ് അത്. ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ജനങ്ങൾ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
നീതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സംസ്ഥാനത്തിന്റെ മുഖഛായ തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനം ആണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ്.