എയിംസ് അനുവദിക്കുക കേന്ദ്രനിയമം അനുസരിച്ച്; സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താത്പര്യം: എം.ടി. രമേശ്
Saturday, September 27, 2025 6:54 PM IST
തിരുവനന്തപുരം: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയിൽ തർക്കം തുടരുന്നു. കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും എയിംസ് അനുവദിക്കുകയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിക്കുന്നതിനിടെയാണ് രമേശിന്റെ പ്രസ്താവന.
സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താൽപര്യങ്ങളും ആവശ്യവുമാണെന്നും ഓരോ നേതാക്കളും അവരവർക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എവിടെ എയിംസ് വന്നാലും ബിജെപിക്ക് സന്തോഷമാണ്. കേരളത്തിന് എയിംസ് അനുവദിക്കണം എന്നേയുള്ളൂവെന്നും രമേശ് വ്യക്തമാക്കി.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബിജെപി സംസ്ഥാന സമിതി യോഗം ചർച്ച ചെയ്യുമെന്നും രമേശ് കൂട്ടിച്ചേർത്തു.