അമൃതാനന്ദമയി എന്ത് തെറ്റാണ് ചെയ്തത്; ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണെന്ന് സജി ചെറിയാൻ
Saturday, September 27, 2025 7:16 PM IST
തിരുവനന്തപുരം: അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മാതാ അമൃതാനന്ദമയി ലോകം ആദരിക്കുന്ന അമ്മയാണെന്നും, അതാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും സജി ചെറിയാൻ പറഞ്ഞു.
മാതാ അമൃതാനന്ദമയിയെ ആദരിച്ചത് വിവാദമായതിന് പിന്നാലെ കായംകുളത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അമ്മയെ ചുംബിച്ചതിൽ എന്താണ് തെറ്റെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് ചോദിച്ചു.
അമൃതാനന്ദമയി എന്ത് തെറ്റാണ് ചെയ്തത്. ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തു. അതിനാൽ തങ്ങൾ ആദരിച്ചു. അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ. തന്നെയും ചുംബിച്ചു. തന്റെ അമ്മ തന്നെ ചുംബിക്കുന്നപോലെയാണ് കണ്ടതെന്നും സാസ്കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കി.
അവർ ദൈവം ആണോ അല്ലയോ എന്നത് തന്റെ വിഷയമല്ല. തങ്ങളാരും അവർ ദൈവം ആണെന്ന് പറഞ്ഞിട്ടില്ല. താൻ അമ്മയ്ക്ക് ഷാൾ ഇട്ടിട്ട് ഉമ്മ നൽകി. അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന ആൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.