കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് ജെ.പി. നഡ്ഡ
Saturday, September 27, 2025 8:38 PM IST
കൊല്ലം: കേരളത്തിനു കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് വരുമെന്ന് അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചു.
കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തിനു പിന്നാലെയാണ് നഡ്ഡ കേന്ദ്രനിലപാട് അറിയിച്ചത്.
ആലപ്പുഴയിൽ എയിംസ് വേണമെന്നും അവിടെ അല്ലെങ്കിൽ തൃശൂരിൽ എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ എയിംസ് ഇന്ന ജില്ലയിൽ വേണമെന്ന് ബിജെപി കേരള ഘടകത്തിനു നിർബന്ധമില്ലെന്ന് എം.ടി. രമേശ് പറഞ്ഞിരുന്നു.
വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്.