വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് പോലീസ് മർദനമേറ്റ സംഭവം; ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല
Saturday, September 27, 2025 9:16 PM IST
കോട്ടയം: വൈക്കത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ കേസെടുത്തു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെ.പി. വേലായുധന്റെ പരാതിയിലാണ് വൈക്കം പോലീസ് സ്റ്റേഷനിലെ എസ്ഐ ജോർജ് തോമസിനെതിരെ കേസെടുത്തത്.
ബുധനാഴ്ച മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ ബസ് വൈക്കത്തിന് അടുത്ത് ഉല്ലലയിൽ എത്തിയപ്പോൾ പോലീസ് വാഹനത്തിന്റെ സൈഡ് മിററിൽ ഉരസിയെന്ന് ആരോപിച്ചായിരുന്നു മർദനം. തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ജില്ല പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കോട്ടയം നാർകോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ.തോമസിനാണ് അന്വേഷണ ചുമതല.