ടിവികെ റാലിക്കിടെയുണ്ടായ അപകടം; മന്ത്രിമാരെ കരൂരിലേക്ക് അയച്ച് എം.കെ.സ്റ്റാലിൻ
Saturday, September 27, 2025 9:31 PM IST
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്യുടെ കരൂരിലെ റാലിക്കിടെയുണ്ടായ അപകടത്തിൽപെട്ടവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിർദേശം നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുൻ മന്ത്രി വി. സെന്തിൽ ബാലാജിയെയും, മന്ത്രി മാ. സുബ്രഹ്മണ്യനെയും നിയോഗിച്ചതായി എം.കെ.സ്റ്റാലിൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. സ്റ്റാലിന്റെ നിർദേശാനുസരണം മന്ത്രിമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് തിരിച്ചു.
യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ജില്ലാ കളക്ടർക്കും എം.കെ. സ്റ്റാലിൻ നിർദേശം നൽകിയിട്ടുണ്ട്.
അപകടസ്ഥലത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ എഡിജിപിയുമായി ബന്ധപ്പെട്ടതായും അദേഹം വ്യക്തമാക്കി. ജനങ്ങൾ സഹകരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.