കരൂർ അപകടം: നടുക്കുന്ന സംഭവമെന്ന് എടപ്പാടി പളനിസ്വാമി
Saturday, September 27, 2025 9:41 PM IST
ചെന്നൈ: കരൂരിൽ നടൻ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 29 പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി. നടുക്കുന്നതും ഏറെ ദു:ഖകരവുമായ സംഭവവുമാണെന്നാണ് പളനിസ്വാമി പ്രതികരിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് എഐഎഡിഎംകെ എന്നും പളനിസ്വാമി പറഞ്ഞു.
ഇന്ന് വൈകുന്നേരം കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടമുണ്ടാത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം.
നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
അതേസമയം തിക്കും തിരക്കും അനുഭവപ്പെട്ടതോടെ വിജയ് പ്രസംഗം പൂർത്തിയാക്കാതെ മടങ്ങിയിരുന്നു.