കരൂർ അപകടം; അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി
Saturday, September 27, 2025 9:48 PM IST
ന്യൂഡൽഹി: നടനും ടിവികെ അധ്യക്ഷനുമായ വിജയ് തമിഴ്നാട്ടിലെ കരൂരിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 30ലേറെ പേർ മരിച്ച സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കരൂരിൽ റാലിക്കിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് തന്റെ ചിന്തകളെന്നും നരേന്ദ്ര മോദി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
ഈ ദുഷ്കരമായ സമയത്തെ അതിജീവിക്കാൻ അവർക്ക് കരുത്തുണ്ടാകട്ടെ. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.