അന്യസംസ്ഥാന തൊഴിലാളിയുടെ ചിതാഭസ്മം നാട്ടിലെത്തിച്ച് ചിങ്ങവനം പോലീസ്; നന്ദി അറിയിച്ച് കുടുംബം
Saturday, September 27, 2025 10:48 PM IST
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ ചിതാഭസ്മം നാട്ടിലെത്തിച്ച് ചിങ്ങവനം പോലീസ്. മധ്യപ്രദേശ് സ്വദേശി അമൻകുമാറിന്റെ ചിതാഭസ്മമാണ് ചിങ്ങവനം പോലീസ് നാട്ടിലെത്തിച്ച് നൽകിയത്.
ഇടുക്കിയിൽ ജോലി നോക്കുകയായിരുന്ന അമൻകുമാർ എന്ന 18കാരൻ ചികിത്സയിലിരിക്കെ മരിച്ചതിന് പിന്നാലെ മൃതദേഹം കരാറുകാരൻ നാട്ടകത്തെ മോർച്ചറിയിൽ എത്തിച്ച ശേഷം സ്ഥലം വിട്ടു.
ഇതേ തുടർന്നാണ് സംഭവത്തിൽ ചിങ്ങവനം പോലീസ് ഇടപെടുന്നത്. അമൻകുമാറിന്റെ ബന്ധുക്കളുമായി പോലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാന്പത്തിക ശേഷി ഇല്ലെന്ന് അറിയിച്ചു.
ഇതേ തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം ചിങ്ങവനം പോലീസിന്റെ നേതൃത്വത്തിൽ മുട്ടമ്പലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. പിന്നാലെ ചിതാഭസ്മം നാട്ടിലെത്തിച്ച് നൽകാൻ സാധിക്കുമോയെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.
എന്നാൽ അമൻകുമാറിന്റെ വിലാസത്തിൽ കൊറിയർ സർവീസുകൾ ലഭ്യമായിരുന്നില്ല. ശരിയായ മേൽവിലാസം ലഭിക്കുന്നതുവരെ ചിതാഭസ്മം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുകയായിരുന്നു.
സിപിഒ യു.ആർ. പ്രിൻസിന്റെ ഉത്തരവാദിത്വത്തിലാണ് ചിതാഭസ്മം സൂക്ഷിച്ചിരുന്നത്. ഇക്കാലയളവിൽ പ്രിൻസ് മത്സ്യവും മാംസവും വർജിക്കുകയും ചെയ്തു. ഒടുവിൽ ചിതാഭസ്മം തപാൽ മാർഗം നാട്ടിലെത്തിയതിന് പിന്നാലെ ബന്ധുക്കൾ കേരള പോലീസിന് നന്ദി അറിയിക്കുകയായിരുന്നു.