എന്‍എസ്എസ് നിലപാടിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ല: സുകുമാരന്‍ നായര്‍
Sunday, September 28, 2025 12:16 AM IST
ചങ്ങനാശേരി: ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു നല്കിയ പിന്തുണ സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഇതു സംബന്ധിച്ച് എന്ത് എതിര്‍പ്പുണ്ടായാലും അതിനെ നേരിടാന്‍ സംഘടനക്ക് ശക്തിയുണ്ടെന്നും എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2024-25വര്‍ഷത്തെ വരവുചെലവു കണക്കും ബാക്കിപത്രവും പാസാക്കുന്നതിന് പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തുചേര്‍ന്ന പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പുമായും രാഷ്രീയമായും ഈ നിലപാടിന് ബന്ധമില്ല. സമദൂരത്തിലെ ശരിദൂരമാണ് എന്‍എസ്എസ് സ്വീകരിച്ചത്. ഈ നിലപാടുവച്ച് രാഷ്ട്രീയ മുതലെടുപ്പിന് ആരേയും അനുവദിക്കില്ല.
എന്‍എസ്എസിന്റെ നിലപാടിനെ രാഷ്ട്രീയമായി ദുര്‍വ്യാഖ്യാനം ചെയ്ത് ജാതി വളര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍സെക്രട്ടറി പറഞ്ഞു. ഇവിടെ ഭൂരിപക്ഷ സമുദായം ഉണ്ടെന്നചിന്ത പോലുമില്ല. കേന്ദ്രനിയമം പാസാക്കുമെന്ന് പറഞ്ഞ ബിജെപി കേസില്‍ കക്ഷി ചേരാന്‍ പോലും തയാറായില്ല.
സമ്മേളനത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അഡ്വ.എന്‍വി.അയ്യപ്പന്‍പിള്ള ഓഡിറ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിശ്വാസവിഷയ നിലപാടില്‍ മുഖ്യമന്ത്രിക്കും വെള്ളാപ്പള്ളിക്കും ഒപ്പം
വിശ്വാസ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും വെള്ളാപ്പള്ളിയുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെന്നും സൗഹൃദത്തിനു കുറവില്ലെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ആചാര സംരക്ഷണത്തില്‍ ഉറച്ചു മുന്നോട്ടുപോകുമോ എന്നു ചിന്തിച്ചു നില്‍ക്കുമ്പോഴാണ് മന്ത്രി വി.എന്‍.വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും ആഗോള അയ്യപ്പ സംഗമത്തില്‍ ക്ഷണിക്കാന്‍ എത്തിയത്. അപ്പോള്‍ വിശ്വാസ സംരക്ഷണം സംബന്ധിച്ച എന്‍എസ്എസ് നിലപാട് അറിയിച്ചു.
സര്‍ക്കാരും ദേവസ്വംബോര്‍ഡും എന്എസ്എസിനൊപ്പമാണന്നും ഇനി ആചാര ലംഘനശ്രമങ്ങള്‍ ഉണ്ടാകില്ലെന്നും അവര്‍ ഉറപ്പുനല്‍കി. എന്‍എസ്എസിന്റെ നിലപാടിന്റെ പേരില്‍ ഒരുപാട് ഫ്ളക്സ്ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
63 വര്‍ഷത്തെ സംഘടനാ ജീവിതത്തിനിടെ ഇതുപോലെ ഒരുപാട് ഫ്ളക്സുകള്‍ കണ്ടിട്ടുണ്ട്. ഏത് ശക്തിയെയും നേരിടാനുള്ള കരുത്ത് സംഘടനയ്ക്കുണ്ടെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.