കരൂരിലേത് ഏറെ ഹൃദയഭേദകമായ സംഭവം; വാർത്ത കേട്ടത് നടുക്കത്തോടെ; അനുശോചനം അറിയിച്ച് കമൽ ഹാസനും രജനികാന്തും
Saturday, September 27, 2025 11:13 PM IST
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ് കരൂരിൽ നടത്തിയ റാലിയ്ക്കിടെ ഉണ്ടായ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കമൽ ഹാസനും രജനികാന്തും. തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെയാണ് താരങ്ങൾ അനുശോചനം അറിയിച്ചത്.
ഏറെ ഹൃദയഭേദകമായ സംഭവമാണെന്ന് കമൽ ഹാസൻ കുറിച്ചു. ജനക്കൂട്ടത്തിനിടയിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാൻ വാക്കുകളില്ലെന്നും അദേഹം പ്രതികരിച്ചു.
അപകടത്തിൽ രക്ഷപ്പെട്ടവർക്ക് ശരിയായ ചികിത്സ ഉറപ്പുവരുത്താൻ തമിഴ്നാട് സർക്കാരിനോട് അഭ്യർഥിക്കുന്നുവെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.
കരൂരിലുണ്ടായ അപകടത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രജനികാന്ത് പ്രതികരിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദേഹം എക്സിൽ കുറിച്ചു.