എയിംസ്: കേന്ദ്ര നിലപാട് നിരാശാജനകമെന്ന് കെ.വി. തോമസ്
Sunday, September 28, 2025 10:26 PM IST
കൊച്ചി: എയിംസിന്റെ കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ പ്രതികരണം നിരാശാജനകമാണെന്ന് കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്.
കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ അര്‍ഹത പട്ടികയിലുണ്ട്. അതില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് പുറം തിരിഞ്ഞു നില്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ പക്ഷപാതിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന് അര്‍ഹതപ്പെട്ട എയിംസ് കൃത്യ സമയത്ത് കൃത്യ സ്ഥലത്ത് വരുമെന്ന ഉറപ്പില്ലാത്ത പ്രതികരണമാണ് നഡ്ഡ കൊല്ലത്ത് നല്‍കിയത്. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.
കേരള സര്‍ക്കാര്‍ കോഴിക്കോട് എയിംസ് സ്ഥാപിക്കാന്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രിയില്‍ നിന്ന് കേരളം പ്രതീക്ഷിച്ച മറുപടിയല്ല നഡ്ഡയില്‍ നിന്നുണ്ടായത്.
കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് എയിംസ് സംബന്ധിച്ച് ഒരു ധാരണയുമില്ല. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസ് നിശ്ചിത തീയതി വച്ച് പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു.