കരൂർ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ, ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Monday, September 29, 2025 10:03 AM IST
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും.
സംഭവത്തിനു തൊട്ടുമുന്‍പ് കല്ലേറുണ്ടായെന്നും ഇടയ്ക്ക് വൈദ്യുതി നിലച്ചെന്നും ടിവികെ ആരോപിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. ഗൂഢാലോചന നടന്നുവെന്നതിനു വിശ്വസനീയമായ തെളിവുകള്‍ പ്രദേശവാസികളില്‍നിന്നു ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. കരൂരിലെ ഡിഎംകെ ഭാരവാഹികള്‍ക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ടിവികെ അഭിഭാഷകൻ വെളിപ്പെടുത്തി.
അതേസമയം, ശനിയാഴ്ചയുണ്ടായ ദുരന്തം അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തുന്നതുവരെ വിജയ്യുടെ റാലികൾ നിരോധിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി ഞായറാഴ്ച പരിഗണിച്ചില്ല. കരൂരിൽ പരിക്കേറ്റ സെന്തിൽ കണ്ണൻ എന്നയാളാണ് ഹർജി നല്‍കിയത്. ഹർജി ഇന്നു പരിഗണിച്ചേക്കും