ശബരിമല സ്വർണപ്പാളി കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
Monday, September 29, 2025 11:00 AM IST
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ സ്വർണപ്പാളികളുടെ ഭാരം നാലു കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും.
നേരത്തെ ഹർജി പരിഗണിച്ച കോടതി സ്വർണപ്പാളികളുടെ ഭാരം കുറഞ്ഞതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്.
കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു.
എന്നാല്‍ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെന്നും നടപടികളിൽ പിഴവുകൾ ഉണ്ടായിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതികരിച്ചിരുന്നു.