സോനം വാംഗ്ചുക്കിനെ മോചിപ്പിക്കണം, സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കണം: ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം
Monday, September 29, 2025 1:27 PM IST
ന്യൂഡൽഹി: സോനം വാംഗ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്റ്റുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശം നൽകണമെന്നും നിവേദനത്തിൽ പറയുന്നു.
ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തത്. സ്വദേശമായ ഉലിയക്തോപോയിൽനിന്നാണ് പോലീസ് അദ്ദേഹത്തെ കൊണ്ടുപോയത്. ദേശസുരക്ഷാ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ലഡാക്കിനു സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെത്തുടർന്നുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. വാംഗ്ചുക്കിന്റെ പ്രകോപനപ്രസംഗങ്ങളാണു സംഘർഷത്തിനു കാരണമായതെന്നാണു കേന്ദ്രസർക്കാർ ആരോപിക്കുന്നത്.