പരാതിക്ക് 48 മണിക്കൂറിനുള്ളിൽ മറുപടി; സിഎം വിത്ത് മീ പരിപാടി ഉദ്ഘാടനം ചെയ്തു
Monday, September 29, 2025 7:07 PM IST
തിരുവനന്തപുരം: സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സംരംഭം ‘മുഖ്യമന്ത്രി എന്നോടൊപ്പം'അഥവാ സിഎം വിത്ത് മീ പരിപാടി ഉദ്ഘാടനം ചെയ്തു. നടൻ ടൊവിനോയുടെ കോൾ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി ഉദ്ഘാടനം ചെയ്തു.
സർക്കാരിന്റെ പ്രവർത്തനങ്ങളിലും ദൈനംദിനം നേരിടുന്ന വിഷയങ്ങളിലും ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനാണ് സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ പ്രശ്നത്തിലും എടുത്ത നടപടി സമയബന്ധിതമായി പരാതിക്കാരെ അറിയിക്കും.
സിഎം വിത്ത് മീയിലേക്ക് അയക്കുന്ന പരാതികൾ റെക്കോർഡ് ചെയ്യപ്പെടും. 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ തിരിച്ചു വിളിക്കും. സാധ്യമായ നടപടികൾ പരാതിക്കാരനെ അറിയിച്ചിരിക്കും. തുടർനടപടികളും അറിയിക്കും.
ഇതിനായി സദാ ഉണർന്നിരിക്കുന്ന ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ പരിഹരിക്കേണ്ട വിഷയങ്ങൾ അങ്ങനെ പരിഹരിക്കും. മന്ത്രിമാർ പരിഹരിക്കേണ്ട പ്രശ്നങ്ങളിൽ അവർ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസ് ഏറ്റെടുത്ത സ്ഥലത്താണ് സെന്റർ പ്രവർത്തിക്കുന്നത്. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിനാണ് നടത്തിപ്പ് ചുമതല. കിഫ്ബിയാണ് അടിസ്ഥാന - സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.