മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് മലന്പനി
Monday, September 29, 2025 7:37 PM IST
മലപ്പുറം: ഒരു കുടുംബത്തിലെ മൂന്നു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിലെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മൂന്നു പേരും നാല് ദിവസം മുമ്പ് ഉത്തർപ്രദേശിൽനിന്ന് വണ്ടൂരിലെത്തിയവരാണ്. ഇതോടെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 17,18 വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വീടുകൾ കയറി ബോധവൽക്കരണവും ആരംഭിച്ചു.
അമ്പലപ്പടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാറം (71), ഗ്രീഷ്മ (29), റിതേഷ് (ഏഴ്) എന്നിവർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. തുടർന്ന് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വെക്ടർ സർവേ, വെക്ടർ കളക്ഷൻ, ലാർവ കളക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പരിസരപ്രദേശങ്ങളിൽ പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ നിർദേശിച്ചു.