പാക് അധീന കാഷ്മീരിൽ വന്‍ സംഘര്‍ഷം; രണ്ട് മരണം
Monday, September 29, 2025 7:45 PM IST
ഇസ്ലാമാബാദ്: ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക് അധീന കാഷ്മീരിൽ നടക്കുന്ന കലാപത്തിൽ രണ്ട് മരണം. പാക്സൈന്യവും ഐഎസ്ഐ പിന്തുണയുള്ള മുസ്ലിം കോൺഫറൻസും സംയുക്തമായി നടത്തിയ വെടിവയ്പ്പിൽ 22 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
വെടിവയ്പ്പിന്റെ വീഡിയോ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടു. ഇതിനിടെ സമരക്കാര്‍ രണ്ട് പാക് സൈനികരെ പിടികൂടി തടഞ്ഞുവെച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിനെതിരേയാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധീന കാഷ്മീരിലെ സാധാരണക്കാർ സംഘടിച്ചത്.
പിഒകെ അസംബ്ലിയില്‍ കാഷ്മീരി അഭയാര്‍ഥികള്‍ക്കായി സംവരണംചെയ്ത 12 സീറ്റുകള്‍ റദ്ദാക്കുക തുടങ്ങിയ 38 ആവശ്യങ്ങൾ ഉന്നയിച്ചാണ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിക്കുന്നത്. ആയിരം സൈനികരെ കൂടി പ്രക്ഷോഭ മേഖലയിലേക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രക്ഷോഭ മേഖലയിലെ കടകൾ ഉൾപ്പെടെ അടച്ചാണ് ആളുകൾ രംഗത്തുള്ളത്. അവകാശങ്ങൾ നേടിയെടുക്കും. പണിമുടക്ക് പ്ലാൻ എയാണ്. ജനങ്ങളുടെ ക്ഷമ നശിച്ചു. പ്ലാൻ ഡി വരെ പദ്ധതിയിട്ടിട്ടുണ്ടെന്ന് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.