കെ.പി.മോഹനനെ കൈയേറ്റം ചെയ്ത സംഭവം; സിപിഎം പ്രതിഷേധിച്ചു
Thursday, October 2, 2025 11:48 PM IST
കണ്ണൂർ: കെ.പി.മോഹനൻ എംഎൽഎയെ നാട്ടുകാർ കൈയേറ്റം ചെയ്ത സംഭവത്തിൽ സിപിഎം കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പൊതുപരിപാടിക്കെത്തിയ ജനപ്രതിനിധിയെ തടയുന്നത് ജനാധിപത്യ വിരുദ്ധമാണ്.
ഇത്തരം ചെയ്തികള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഎം കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കരിയാട് പുതുശേരി പള്ളിയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എംഎൽഎയെ കൈയേറ്റം ചെയ്തത്.
പ്രദേശത്തെ ഒരു ഡയാലിസിസ് സെന്ററിൽ നിന്ന് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. പ്രശ്നം അറിയിച്ചിട്ടും എംഎൽഎ ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. പോലീസിൽ പരാതി നൽകില്ലെന്ന് എംഎൽഎ പറഞ്ഞു.