ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരം, രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹി: രാഹുൽ ഗാന്ധി
Friday, July 18, 2025 2:57 PM IST
കോട്ടയം: ഉമ്മൻ ചാണ്ടി വ്യക്തി മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയത്തിൽ താൻ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല അർഥത്തിലും അദ്ദേഹം തന്റെ ഗുരുവാണ്. കേരളത്തിലുള്ള പലർക്കും അദ്ദേഹം ഗുരുവാണ്. പ്രവൃത്തിയിലൂടെയാണ് ഉമ്മൻചാണ്ടി വഴി കാട്ടിയത്. ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും രാഹുൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇത്തരത്തിലുള്ള വ്യക്തികളുടെ പാരമ്പര്യമുണ്ട്. ഉമ്മന്‍ചാണ്ടി ജനങ്ങൾക്കുവേണ്ടി എങ്ങനെ സ്വയം ഇല്ലാതായി എന്ന് തന്റെ 21 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ അടുത്ത് കണ്ടു. ഉമ്മൻ ചാണ്ടിയെപ്പോലെ ആളുകളെ വളർത്തിക്കൊണ്ടുവരികയാണ് തന്റെ ആഗ്രഹമെന്നും രാഹുൽ പറഞ്ഞു.
ഡോക്ടർമാർ അനുവദിക്കാതിരുന്നിട്ടും ഉമ്മൻചാണ്ടി ഭരത് ജോഡോയിൽ നടക്കാൻ വന്നു. ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചത്. കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ഉള്ളവർ ഉണ്ടാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.