പോലീസിനെ കാവൽ നിർത്തി മദ്യപാനം; കൊടി സുനി ഉൾപ്പടെയുള്ളവർക്കെതിരെ കേസ്
Saturday, August 9, 2025 10:31 AM IST
കണ്ണൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ കൊടി സുനിയടക്കം പരസ്യമായി മദ്യപിച്ച സംഭവത്തിൽ കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നും സ്വമേധയാ കേസെടുക്കാൻ തെളിവ് ഇല്ലെന്നും നേരത്തെ തലശേരി പോലീസ് പറഞ്ഞിരുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ കഴിയാതെ കേസ് നിൽക്കില്ലെന്നായിരുന്നു തലശേരി പോലീസിന്റെ വാദം. എന്നാൽ, കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ഡിജിപി റവാഡ ചന്ദ്രശേഖർ സംഭവം സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു.
ആർഎസ്എസ് പ്രവർത്തകരായ വിജിത്ത് (28), ഷിനോജ് (29) എന്നിവരെ കൊന്ന കേസിൽ കഴിഞ്ഞ മാസം 17-ന് തലശേരി അഡീഷണൽ ജില്ല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സംഭവം.
കോടതിയിൽനിന്ന് വരുന്ന വഴിയാണ് കൊടി സുനി അടക്കമുള്ള പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് പോലീസിനെ കാവൽനിർത്തി കൊടി സുനിയും സംഘവും മദ്യപിക്കുകയായിരുന്നു.
സംഭവത്തിൽ കണ്ണൂരിലെ മൂന്ന് സിവിൽ പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എആർ. ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.