എണ്ണ വാങ്ങാൻ ആരും ആരെയും നിർബന്ധിച്ചിട്ടില്ല, ഇഷ്ടമില്ലെങ്കിൽ വാങ്ങേണ്ട; ട്രംപിനെതിരെ ജയശങ്കർ
Saturday, August 23, 2025 6:21 PM IST
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. യുഎസിന്റെ പാരമ്പര്യത്തിൽ നിന്നുള്ള പ്രകടമായ ചുവടുമാറ്റമാണ് ട്രംപിന്റേതെന്നും മുൻപൊരിക്കലും ഒരു യുഎസ് പ്രസിഡന്റ് വിദേശനയത്തെ ഇത്തരത്തിൽ കൈകാര്യം ചെയ്തിട്ടില്ലെന്നും ജയശങ്കർ ഡൽഹിയിൽ ഒരു പരിപാടിയിൽ പറഞ്ഞു.
ഇന്ത്യയുടെയും ലോകത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത്. 2022ൽ എണ്ണവില കുത്തനെ കൂടുമെന്ന ആശങ്ക ലോകമാകെ ഉണ്ടായിരുന്നു. ആ സമയം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നെങ്കിൽ ആയിക്കോട്ടെ എന്ന് എല്ലാവരും പഞ്ഞു. എണ്ണവില സ്ഥിരത നേടുമെന്നും ഏവരും അഭിപ്രായപ്പെട്ടു.
നിങ്ങൾക്കിപ്പോൾ ഇന്ത്യയുടെ എണ്ണ ഇഷ്ടമല്ലെന്ന് കരുതുക, നിങ്ങൾ വാങ്ങേണ്ട. ആരും ആരെയും എണ്ണ വാങ്ങാൻ നിർബന്ധിക്കുന്നില്ല. എണ്ണവിലയിൽ സ്ഥിരത ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത്. അത് ഇന്ത്യയുടെയും ലോകത്തിന്റെയും താൽപര്യമാണെന്നും ജയശങ്കർ പറഞ്ഞു.
ട്രംപ് വ്യാപാരം ഉള്‍പ്പെടെയുള്ള വിദേശനയങ്ങളെപ്പറ്റി പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടും പോലും ഇടപെടുന്ന രീതി, പരമ്പരാഗതമായ ശൈലിയില്‍നിന്ന് വളരെ വ്യത്യസ്തമാണ്.
വ്യാപാരപരവും വ്യാപാരേതരവുമായ കാര്യങ്ങള്‍ക്ക് ട്രംപ് തീരുവകള്‍ ഉപയോഗിക്കുന്നത് അസാധാരണമായ കാര്യമാണ്. ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള പ്രഖ്യാപനങ്ങള്‍ പലപ്പോഴും ആദ്യം പൊതുവേദിയിലും അതിനുശേഷം ബന്ധപ്പെട്ട കക്ഷികളോടുമാണ് നടത്തുന്നത്. ഇവയില്‍ പലതും പരസ്യമായി പറയപ്പെടുന്നു. ഇത് ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യമാണ്.
ഇന്ത്യയെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിക്കുന്ന അതേ വാദങ്ങള്‍ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും ഏറ്റവും വലിയ ഊര്‍ജ ഇറക്കുമതിക്കാരായ യൂറോപ്യന്‍ യൂണിയനുമെതിരെ ട്രംപ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
യുഎസുമായുള്ള വ്യാപാരം ഒരു തര്‍ക്കവിഷയമായി തുടരുമ്പോഴും ഇന്ത്യ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുമെന്നും ജയശങ്കര്‍ കൂട്ടിച്ചേർത്തു.