അമീബിക് മസ്തിഷ്ക ജ്വരം ചർച്ച ചെയ്യാൻ നിയമസഭ; അടിയന്തര പ്രമേയത്തിന് അനുമതി
Wednesday, September 17, 2025 10:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം പടരുന്നത് ചർച്ച ചെയ്യാൻ നിയമസഭ. വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നല്കി. സഭാനടപടികൾ നിർത്തിവച്ചാണ് ചർച്ച ചെയ്യേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചർച്ചയ്ക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ ചർച്ച ആരംഭിക്കും. രണ്ട് മണിക്കൂറായിരിക്കും ചർച്ച ഉണ്ടായിരിക്കുക.
അപൂർവ രോഗം കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതും മരണം സംഭവിക്കുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നുമാണ് പ്രതിപക്ഷ വിമർശനം.