ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; ഒരുപിടി പദ്ധതികൾ നാടിനു സമർപ്പിക്കും
Wednesday, September 17, 2025 11:25 AM IST
ന്യൂഡൽഹി: എഴുപത്തിയഞ്ചാം ജന്മദിനത്തിൽ മധ്യപ്രദേശിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചയ്ക്ക് 12 മണിയോടെ മധ്യപ്രദേശിലെ ധാറിൽ എത്തുന്ന മോദി ‘സ്വസ്ത് നാരി സശക്ത് പരിവാർ’, ‘എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്’ എന്നീ പദ്ധതികൾക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കും.
കൂടാതെ, ഗ്രാമങ്ങളിലെ ഗർഭിണികൾക്ക് മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ച് സമയബന്ധിതമായ വിവരങ്ങൾ നൽകുന്നതിനായുള്ള ‘സുമൻ സഖി ചാറ്റ്ബോട്ടിനും ആദി കർമ്മയോഗി അഭിയാൻ പ്രകാരം ഗോത്ര മേഖലകളിൽ നടപ്പാക്കുന്ന ‘ആദി സേവ പർവ്’ പദ്ധതിയും ധാറിൽ 2,150 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പിഎം മിത്ര പാർക്കിനും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.
പ്രധാനമന്ത്രി മാതൃ വന്ദന യോജന പ്രകാരം 10 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി ഇന്ന് നേരിട്ട് തുക കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്.