ഇന്ത്യ - ചൈന ബന്ധം സാധാരണ നിലയിലേക്ക്; വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
Thursday, October 2, 2025 8:01 PM IST
ന്യൂഡൽഹി: നിർത്തിവച്ചിരുന്ന ഇന്ത്യ- ചൈന വിമാന സർവീസുകൾ ഈമാസം അവസാനത്തോടെ പുനരാരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തിയതോടെയാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാൻ തീരുമാനിച്ചത്.
വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും സിവിൽ ഏവിയേഷൻ അധികൃതർ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കോവിഡിനെ തുടർന്ന് ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിരുന്നു. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലോടെ ബന്ധം കൂടുതൽ വഷളാവുകയായിരുന്നു.
ബെയ്ജിംഗ്, ഷാംഗ്ഹായ്, ഗ്വാംഗ്ചൗ, ഷെംഗ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തെ സർവീസുകളുണ്ടായിരുന്നത്.