പവാർ വിളിപ്പിച്ചു; എൻസിപി നേതാക്കൾ ഡൽഹിയിലേക്ക്
Friday, September 20, 2024 2:18 AM IST
കൊച്ചി: എന്‍സിപിയിലെ മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം കീറാമുട്ടിയായതോടെ തീരുമാനം ഇനി ദേശീയ നേതൃത്വത്തിന്റേത്. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയെയും പാര്‍ട്ടിയുടെ സംസ്ഥാനത്തെ രണ്ട് എംഎല്‍എമാരെയും ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരിക്കുകയാണ് ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. തര്‍ക്കം പരിഹരിക്കുന്നതില്‍ സംസ്ഥാനനേതൃത്വം പരാജയപ്പെട്ടതിനാല്‍ ദേശീയനേതൃത്വം കൈക്കൊള്ളുന്ന നിലപാട് നിർണായകമാകും.
രണ്ടര വര്‍ഷത്തിനുശേഷം മന്ത്രിസ്ഥാനം കൈമാറണമെന്നു ധാരണയുണ്ടെന്നാണ് കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിന്റെ വാദം. പി.സി. ചാക്കോയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. എന്നാല്‍ അത്തരമൊരു ധാരണയില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് ഉറപ്പിച്ചു പറയുന്നു. മന്ത്രിസ്ഥാനം സംബന്ധിച്ച ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ശശീന്ദ്രന് പക്ഷം ആവർത്തിക്കുന്നു.
അതേസമയം, വിഷയം ദേശീയനേതൃത്വത്തിന്റെ പക്കലേക്ക് എത്തുന്നതോടെ മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന തോന്നല്‍ ശശീന്ദ്രന്പക്ഷത്തിൽ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്ന് ശശീന്ദ്രന് വ്യാഴാഴ്ച പറഞ്ഞത് ഇതിന്റെ സൂചനയാകാം. മാത്രമല്ല, എല്ലാവരും മന്ത്രിയാകാന്‍ യോഗ്യരാണ് എന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചു.
തോമസ് കെ.തോമസ് തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം കൈമാറണമെന്ന വ്യവസ്ഥ ദേശീയ നേതൃത്വത്തിന് അറിയാമെന്ന് തോമസ് കെ.തോമസ് വ്യാഴാഴ്ച മാധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യം ഇനി തീരുമാനിക്കേണ്ടത് ശരത് പവാറാണ്. ശശീന്ദ്രനും താനും സാധാരണ പാര്‍ട്ടിക്കാരാണെന്നും കേന്ദ്രതീരുമാനം അംഗീകരിക്കാന്‍ തങ്ങള്‍ക്കു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പി.സി. ചാക്കോയ്ക്കൊപ്പം മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസ് എംഎല്‍എയും അടുത്ത ദിവസം തന്നെ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ കാണാന്‍ ഡല്‍ഹിക്ക് പുറപ്പെടും. കൂടിക്കാഴ്ചയുടെ വിഷയം തനിക്കറിയില്ലെന്നും ശശീന്ദ്രന്റെ രാജി തോമസ് കെ.തോമസ് ആവശ്യപ്പെടുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു പി.സി. ചാക്കോയുടെ പ്രതികരണം.