ട്രാക്ടറിൽ മലകയറ്റം: എഡിജിപി ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്പെഷൽ കമ്മീഷണർ
Tuesday, July 15, 2025 12:32 PM IST
പത്തനംതിട്ട: പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് എഡിജിപി എം.ആര്. അജിത്കുമാര്‍ നടത്തിയ ട്രാക്ടര്‍ യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ച് ശബരിമല സ്പെഷൽ കമ്മീഷണർ. അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നാണ് റിപ്പോർട്ട്.
നവഗ്രഹ പ്രതിഷ്ഠയ്ക്കായി കഴിഞ്ഞദിവസം ശബരിമല നട തുറന്നപ്പോഴാണ് എഡിജിപി ദര്‍ശനത്തിനായി വന്നത്. 12ന് വൈകുന്നേരം സന്നിധാനത്തേക്കു ട്രാക്ടറില്‍ പോയ എം.ആര്. അജിത്കുമാര്‍ 13ന് രാവിലെ തിരിച്ചിറങ്ങിയതും ട്രാക്ടറില്ത്തന്നെ.
ഇതുസംബന്ധിച്ച് ദേവസ്വം വിജിലന്‍സിനോട് സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പമ്പയില്‍ നിന്നു സന്നിധാനത്തേക്കു ട്രാക്ടറില്‍ ആളെ കയറ്റാന്‍ പാടില്ലെന്നു ഹൈക്കോടതി ഉത്തരവ് നിലനില്ക്കവേയാണ് അതു ലംഘിച്ച് പോലീസ് ഉന്നതന് ട്രാക്ടറില്‍ മലകയറിയത്.
ചരക്കുനീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. പോലീസിന്റെതന്നെ ട്രാക്ടറിലാണ് അജിത്കുമാര്‍ ശബരിമല കയറിയതെന്നാണു വിവരം. മുമ്പും ശബരിമലയിലെത്തുമ്പോള്‍ എഡിജിപി സമാനരീതിയില്‍ യാത്ര ചെയ്തിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് ഇദ്ദേഹം ട്രാക്ടറില്‍ കയറിയതും ഇറങ്ങിയതും.