അഭൂതപൂർവമായ ജനത്തിരക്ക്; വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എം.വി.ഗോവിന്ദൻ
Wednesday, July 23, 2025 10:36 AM IST
ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിഎസിന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് ഗോവിന്ദൻ പറഞ്ഞു.
നിലവിൽ വിഎസിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറക്കാടെത്തി. വിലാപയാത്ര ആരംഭിച്ച് 17 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് നിരവധി പേരാണ് വിഎസിന് യാത്രയയപ്പ് നൽകാൻ എത്തുന്നത്.