റൂട്ടിന് സെഞ്ചുറി; ഇംഗ്ലണ്ട് ശക്തമായ നിലയിൽ
Friday, July 25, 2025 11:56 PM IST
മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായനിലയിൽ. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ചുറി കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 544 റണ്‍സ് നേടി. 186 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇതിനോടകം തന്നെ ഇംഗ്ലണ്ട് നേടി.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358ന് എതിരേ, രണ്ടു വിക്കറ്റ് നഷ്ടത്തിൽ 225 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനമായ ഇന്ന് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ എത്തിയത്. 20 റണ്‍സുമായി ഒല്ലി പോപ്പും 11 റണ്‍സുമായി ജോ റൂട്ടുമായിരുന്നു ക്രീസിൽ.
റൂട്ടും പോപ്പും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 144 റണ്‍സ് പിറന്നു. 128 പന്തിൽ 71 റണ്‍സ് നേടിയ പോപ്പിനെ വാഷിംഗ്ടണ്‍ സുന്ദർ മടക്കി. തൊട്ടുപിന്നാലെ ഹാരി ബ്രൂക്കിനെയും (3) വാഷിംഗ്ടണ്‍ സുന്ദർ പുറത്താക്കി.
248 പന്തിൽ 14 ഫോറിന്റെ സഹായത്തോടെ 150 റണ്‍സ് നേടിയാണ് ജോ റൂട്ട് മടങ്ങിയത്. രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്. റൂട്ടും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ചേർന്ന് അഞ്ചാംവിക്കറ്റിൽ 142 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 66 റണ്‍സ് നേടിയ സ്റ്റോക്സ് റിട്ടയേർഡ് ഹർട്ടായി ക്രീസ് വിട്ടു.
പിന്നീട് സ്കോർ 491ൽ നിൽക്കുന്പോൾ റിട്ടയേർഡ് ഹർട്ടായ സ്റ്റോക്സ്, ക്രിസ് വോക്സ് (4) ഏഴാം വിക്കറ്റായി പുറത്തായതോടെ വീണ്ടും ക്രീസിലെത്തി. സ്റ്റോക്സും (77) ലിയാം ഡൗസനുമാണ് (21) ക്രീസിൽ.