മിഥുന്റെ മരണം; സ്കൂള്‍ മാനേജ്മെന്റിനെ പിരിച്ചുവിട്ടു; ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് വിദ്യാഭ്യാസമന്ത്രി
Saturday, July 26, 2025 11:46 AM IST
തിരുവനന്തപുരം: ചേലക്കര സ്കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെതിരേ കടുത്ത നടപടി. മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂളിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. മിഥുന്റെ മരണത്തില്‍ മാനേജര്‍ തുളസീധരന്‍പിള്ള നല്കിയ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി.
മാനേജറെ പുറത്താക്കിയതായും കൊല്ലം ഡിഡിഇയ്ക്കാണ് സ്കൂളിന്റെ താത്ക്കാലിക ചുമതല നൽകിയതായും മന്ത്രി അറിയിച്ചു. പുതിയ മാനേജറെ നിയമിക്കുന്നത് വരെയാണ് ചുമതല നല്‍കിയിരിക്കുന്നത്.
മിഥുന് കേരളത്തിന്റെ മകനാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും.
സ്കൂള്‍ സുരക്ഷ സംബന്ധിച്ച് മേയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ചെക്ക്ലിസ്റ്റ് തയാറാക്കി തുടര്‍നടപടി സ്വീകരിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സേഫ്റ്റി സെല്‍ രൂപീകിരിച്ചതായും പൊതുജനങ്ങള്‍ക്കു പരാതിയുണ്ടെങ്കില്‍ ഈ സെല്ലിനെ സമീപിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.