ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവം: പാലോട് രവിയോടു മാപ്പുപറഞ്ഞ് പ്രാദേശികനേതാവ്
Thursday, July 31, 2025 12:16 PM IST
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പാലോട് രവിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് എ. ജലീല്‍ പാലോട് രവിയോടു മാപ്പ് പറഞ്ഞു. ഇന്നുരാവിലെ പാലോട് രവിയുടെ വീട്ടിലെത്തിയാണ് മാപ്പുപറഞ്ഞത്.
പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് മുന്‍പാകെ മനഃസാക്ഷിക്കനുസരിച്ച് മൊഴി നല്കുമെന്നു ജലീല്‍ പറഞ്ഞു. ഫോണ്‍ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം പാലോട് രവിയില്‍ നിന്നു രാജിവാങ്ങി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നേതൃത്വം അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയോഗിച്ചിരുന്നു. ഇന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തിരുവനന്തപുരം ഡിസിസി ഓഫീസിലെത്തി ജലീലില്‍ നിന്നു വിശദീകരണം തേടും.
ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് പാലോട് രവിയും കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറ്റ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും വിശദമായ വിവരശേഖരണം നടത്തും.