സ്കൂള്‍ അവധിക്കാലം ജൂണ്‍-ജൂലൈയിലേക്ക് മാറ്റിയാലോ; പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി
Thursday, July 31, 2025 12:33 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം വിദ്യാർഥികൾക്ക് അവധി നൽകേണ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ ആശയം മന്ത്രി മുന്നോട് വച്ചത്.
ഫേസ്ബുക്കിലൂടെയാണ് ഈ വിവരം മന്ത്രി ജനങ്ങളെ അറിയിച്ചത്. ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും?
അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം? തുടങ്ങിയ വിഷയങ്ങളിലാണ് മന്ത്രി അഭിപ്രായം തേടുന്നത്. അഭിപ്രായം കമന്റുകളായി രേഖപ്പെടുത്താനാണ് മന്ത്രിയുടെ നിർദേശം.