കടമെടുത്ത തുക ശന്പള വിതരണത്തിനു തികയില്ല; 1000 കോടി കൂടി കടമെടുക്കുന്നു
Friday, August 1, 2025 1:25 AM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കടമെടുത്ത തുക ശന്പള- പെൻഷൻ വിതരണത്തിനു തികയാത്ത സാഹചര്യത്തിൽ സംസ്ഥാനം വീണ്ടും 1000 കോടി രൂപ കൂടി കടമെടുക്കുന്നു. ശന്പള- പെൻഷൻ വിതരണത്തിനായി കഴിഞ്ഞ ചൊവ്വാഴ്ച 2,000 കോടി രൂപ കടമെടുത്തിരുന്നു.
എന്നാൽ, ചില കുറവുകൾ വരുമെന്ന ധന ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വീണ്ടും 1000 കോടി രൂപ കൂടി അടിയന്തരമായി കടമെടുക്കാൻ തീരുമാനിക്കുകയായിരുന്നു. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് കടമെടുക്കുന്നതെന്നാണു ധനവകുപ്പ് വിശദീകരണം.
ഇപ്പോൾ എല്ലാ മാസവും ശരാശരി 5,000 കോടി രൂപ വീതമാണ് കടമെടുക്കുന്നത്. ഈ സാന്പത്തിക വർഷം ഇതുവരെയുള്ള കടമെടുപ്പ് 18,000 കോടി രൂപയായി ഉയർന്നു.