ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
Friday, August 1, 2025 2:54 AM IST
കൊല്ലം: അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഭാര്യ ശ്രീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഷെഫീഖിനും പൊള്ളലേറ്റെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചെമ്പനരുവിയിലെ വീട്ടിലായിരുന്നു സംഭവം. നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അച്ചന്‍കോവില്‍ പോലീസ് വീട്ടില്‍ എത്തുമ്പോള്‍ മുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ശ്രീതുവിനെയും ഭര്‍ത്താവ് ഷെഫീഖിനെയും കണ്ടെത്തിയത്.
ഉടന്‍ പോലീസ് ജീപ്പില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫെഫീഖ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ ഷെഫീഖിനും പൊള്ളലേറ്റെന്നാണ് കരുതുന്നത്.
പൊള്ളലേറ്റതില്‍ അച്ചന്‍കോവില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരുടെയും മൊഴിയെടുത്ത ശേഷമേ സംഭവത്തില്‍ വ്യക്തത വരൂ എന്നും പോലീസ് വ്യക്തമാക്കി.