തദ്ദേശ സ്ഥാപനങ്ങൾക്ക് 1610 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
Friday, August 1, 2025 5:23 PM IST
തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1610 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ സാമ്പത്തിക വർഷത്തെ മെയിന്റൻസ് ഫണ്ടിന്റെ രണ്ടാം ഗഡുവായി 1396 കോടി രൂപയും, ജനറൽ പർപ്പസ് ഫണ്ടിന്റെ അഞ്ചാം ഗഡു 214 കോടി രൂപയുമാണ് അനുവദിച്ചത്.
രണ്ടിലും കൂടി ഗ്രാമ പഞ്ചായത്തുകൾക്ക് ആകെ 1029 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 87 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 172.87 കോടി, മുനിസിപ്പാലിറ്റികൾക്ക് 219.83 കോടി, കോർപറേഷനുകൾക്ക് 101.35 കോടി എന്നിങ്ങനെയാണ് ലഭിക്കുക.
മെയിന്റനൻസ് ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക് 878 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 76 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക് 165 കോടി രൂപയുണ്ട്. മുനിസിപ്പാലിറ്റികൾക്ക് 194 കോടി രൂപയും കോർപറേഷനുകൾക്ക് 83 കോടി രൂപയും ലഭിക്കും.
ജനറൽ പർപ്പസ് ഗ്രാന്റിൽ ഗ്രാമ പഞ്ചായത്തുകൾക്ക് 151 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 11.03 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക് 7.89 കോടി രൂപയുണ്ട്. മുൻസിപ്പാലിറ്റികൾക്ക് 25.83 കോടി രൂപയും, കോർപറേഷനുകൾക്ക് 18.25 കോടി രൂപയും അനുവദിച്ചു.