അമിത് ഷായുടെ വാക്കിനു വിലയില്ലെന്നു തെളിഞ്ഞു: രമേശ് ചെന്നിത്തല
Friday, August 1, 2025 8:17 PM IST
തിരുവനന്തപുരം: ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കിന് കീറച്ചാക്കിന്റെ വിലപോലുമില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർക്കില്ല എന്നാണ് അമിത് ഷാ ഉറപ്പുനൽകിയിരുന്നത്. പക്ഷേ, പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തിരിക്കുകയാണ്. അതുകൊണ്ട്, ആരുടെ വാക്കാണ് വിശ്വസിക്കേണ്ടത് എന്ന ചോദ്യം ഉയരുന്നു.
കേരളത്തിലെ എംപിമാർ ഒന്നടങ്കം ചെന്ന് അമിത് ഷായെ കണ്ടതാണ്. എന്നിട്ടും ആഭ്യന്തരമന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിൽ കന്യാസ്ത്രീകളുടെ ജാമ്യത്തിന്റെ കാര്യത്തിൽ എന്തു സംഭവിക്കുമെന്ന ആശങ്ക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.