പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ മാങ്കൂട്ടത്തിൽ; എംഎൽഎ തത്കാലം അടൂരിൽ തുടരും
Sunday, August 24, 2025 1:13 AM IST
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ തുടരും. തൽക്കാലം പാലക്കാട്ടേക്ക് പോകില്ല. പാലക്കാട്ടെ നേതാക്കളുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്.
രാഹുലിന്റെ രാജിയിൽ പാർട്ടിയിൽ സമ്മർദ്ദം തുടരുന്നതിനിടെയാണ് പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ ചില കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.
രാഹുൽ രാജിവെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി വികെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. കോൺഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് വികെ ശ്രീകൃഷ്ണൻ്റെ അഭിപ്രായം.
മറ്റു പ്രസ്ഥാനങ്ങൾക്ക് മാതൃകയാവാൻ കോൺഗ്രസിന് കഴിയണം. കോൺഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാഹുലിലൂടെ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എംഎൽഎ സ്ഥാനം രാജിവച്ച് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുന്ന രാഹുലിനെയാണ് കോൺഗ്രസിനും ഈ രാജ്യത്തിനും ആവശ്യമെന്നും വി.കെ. ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.