നേപ്പാളിൽ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രസിഡന്റും രാജിവച്ചു
Tuesday, September 9, 2025 5:56 PM IST
കാഠ്മണ്ഡു: നേപ്പാളിൽ പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജിവച്ചു. സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെയാണ് പ്രസിഡന്റും രാജിവച്ചത്. പ്രക്ഷോഭകാരികള്‍ നേപ്പാള്‍ സുപ്രീംകോടതി സമുച്ചയത്തിനും തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ ഇടക്കാല സര്‍ക്കാരിനെ നയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പ്രചാരണം നടത്തുന്നുണ്ട്.
അക്രമം തുടരുന്നതിനാല്‍ തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും കാഠ്മണ്ഡുവിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം നേപ്പാളിലെ ഇന്ത്യൻ പൗരന്മാര്ക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. ഇന്ത്യക്കാര്‍ക്കായി ഹെല്പ് ലൈനും ആരംഭിച്ചു. സംഘര്‍ഷം തീരുന്നതുവരെ നേപ്പാളിലേക്ക് ഇന്ത്യൻ പൗരന്മാര് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.