പതിനാറുകാരൻ പീഡനത്തിനിരയായ കേസ്; എഇഒ ഉള്‍പ്പെടെ ഒൻപതു പേരെ അറസ്റ്റു ചെയ്തു
Wednesday, September 17, 2025 6:36 AM IST
കാസർഗോഡ്: പതിനാറുകാരനെ ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പോക്സോ നിയമപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (എഇഒ) ഉള്‍പ്പെടെ ഒൻപതു പേരെ അറസ്റ്റു ചെയ്തു. സംഭവത്തിൽ 14 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
കേസില്‍ പ്രതിയായ മുസ്ലിം ലീഗ് നേതാവ് അന്വേഷണ സംഘത്തെ വെട്ടിച്ച് ഒളിവില്‍പോയി. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശി സിറാജുദീനാണ് (46) പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പടന്ന സ്വദേശി വി.കെ. സൈനുദ്ദീന്‍(52), പടന്നക്കാട്ടെ റംസാന് (64), റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന് പിലിക്കോട് എരവിൽ ചിത്രരാജ് (48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സല് (23), തൃക്കരിപ്പൂര്‍ പൂച്ചോലിലെ നാരായണന് (60), തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ റയീസ് (30), സുകേഷ് വെള്ളച്ചാല്‍ (30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
എട്ടുമുതല്‍ പത്തുവരെ ക്ലാസില്‍ പഠിക്കുന്ന 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കുട്ടിയെ വീട്ടില്‍വച്ചും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. വിദ്യാര്‍ഥിയുടെ മാതാവ് ചന്തേര പോലീസില്‍ നല്കിയ പരാതിയെതുടര്‍ന്ന് വിദ്യാര്‍ഥിയെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.