ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം നിർവാഹകസംഘം
Wednesday, September 17, 2025 4:16 PM IST
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം പ്രതിനിധികൾ. പത്രക്കുറിപ്പിലൂടെയാണ് പന്തളം കൊട്ടാരം നിർവാഹകസംഘം ഇക്കാര്യം വ്യക്തമാക്കിയത്.
കുടുംബാംഗങ്ങളുടെ മരണത്തെ തുടർന്നാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് വിശദീകരണം. മരണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് നിർവാഹകസംഘം സെക്രട്ടറി എം. ആർ.എസ് വർമ്മ പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.
അശുദ്ധി 27വരെ ഉണ്ടാകുമെന്നും അതുവരെ ആചാരപ്രകാരം നിലയ്ക്കലിന് അപ്പുറം പോകാൻ കൊട്ടാരം അംഗങ്ങൾക്ക് കഴിയില്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് പന്പയിൽ ആഗോള അയ്യപ്പ സംഗമം നടക്കുക.
അതേസമയം 2018ൽ ശബരിമല പ്രക്ഷോഭ കാലത്തെടുത്ത കേസുകൾ പിൻവലിക്കാത്തതിലെ അതൃപ്തിയും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പന്തളം കൊട്ടാരം സന്ദർശിച്ചപ്പോൾ നിർവാഹകസംഘം ഭാരവാഹികൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കേസുകളിൽ മുൻനിലപാട് ആവർത്തിച്ച സർക്കാർ തീരുമാനം പ്രതിഷേധാത്മകവും ഭക്തജനങ്ങൾക്ക് വേദനാജനകവുമാണെന്ന് കൊട്ടാരം പ്രതിനിധികൾ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.