നരേന്ദ്ര മോദിയുടെ അമ്മയെ ഉൾപ്പെടുത്തിയ എഐ വീഡിയോ; സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പാറ്റ്ന ഹൈക്കോടതി
Wednesday, September 17, 2025 4:49 PM IST
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ ഉൾപ്പെടുത്തി കോൺഗ്രസ് പ്രചരിപ്പിച്ച എഐ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ട് പാറ്റ്ന ഹൈക്കോടതി. ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ചാണ് കോൺഗ്രസ് സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്.
കോൺഗ്രസ് സൈബർ ഹാൻഡിലുകളിൽ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ 10ന് ആയിരുന്നു സൈബറിടങ്ങളിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
എഐ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ വീഡിയോ നരേന്ദ്ര മോദിയുടെ അമ്മയെ അപമാനിക്കുന്നതല്ലെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്.
ഇതിന് പിന്നാലെയാണ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി.ബി. ബജന്ദ്രി സാമൂഹ്യമാധ്യമങ്ങളിൽ നിന്നും വീഡിയോ നീക്കം ചെയ്യാൻ ഉത്തരവിട്ടത്. കോടതി ഉത്തരവ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.