"മലയാളം വാനോളം, ലാൽസലാം'; മോഹൻലാലിനു സംസ്ഥാന സർക്കാർ ആദരം ഒരുക്കുന്നു
Monday, September 29, 2025 6:30 PM IST
തിരുവനന്തപുരം: ചലച്ചിത്ര ലോകത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു.
"മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന ആദരിക്കൽ ഒക്ടോബർ നാലിന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മലയാള സിനിമയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച മോഹൻലാലിനോട് ഈ നാടിന്റെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്ന ചടങ്ങാണ് "മലയാളം വാനോളം, ലാൽസലാം' എന്ന് മന്ത്രി പറഞ്ഞു.