ഗോവൻ ഗ്രാമങ്ങളിലൂടെ
മ​ണ്ഡോ​വി ന​ദി​യി​ലൂ​ടെ നീ​ങ്ങു​ന്ന ഒ​രു ഉ​ല്ലാ​സനൗ​ക​യി​ൽ നി​ന്നു പ​തി​ഞ്ഞു​യ​രു​ന്ന ഗോ​വ​യു​ടെ നാ​ടോ​ടി സം​ഗീ​തം. അ​തി​നൊ​ത്തു നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന ഗ്രാ​മീ​ണവേ​ഷം ധ​രി​ച്ച പെ​ൺ​കു​ട്ടി​ക​ൾ. പാ​ട്ടും നൃ​ത്ത​വും ഗോ​വ​ക്കാ​ർ​ക്കു എ​ന്നും പ്രി​യ​പ്പെ​ട്ട​താ​ണ്...

സു​ന്ദ​ര​മാ​ണ് ഗോ​വ​ൻ ഗ്രാ​മ​ങ്ങ​ൾ. തെ​ങ്ങും വ​യ​ലും തോ​ടും ക​ട​ലും ചേ​ർ​ന്ന കേ​ര​ള​ത്തി​ന്‍റെ മ​റ്റൊ​രു പ​തി​പ്പ്. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ൾ തീ​ര​പ്ര​ദേ​ശ​ങ്ങ​ളോ​ട് അ​ടു​ത്തു വ​രു​ന്ന​തി​നാ​ൽ ഉ​യ​ര​ത്തി​ലു​ള്ള ചെ​ങ്ക​ൽ മേ​ടു​ക​ളും അ​വ​യ്ക്കി​ട​യി​ൽ നി​ര​പ്പാ​ർ​ന്ന സ്വാ​ഭാ​വി​ക ക​ട​ൽ​ത്തീ​ര​ങ്ങ​ളും ഗോ​വ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. കേ​ര​ളം പോ​ലെ ഗോ​വ​യും പ​ര​ശു​രാ​മ​ൻ മ​ഴു എ​റി​ഞ്ഞു രൂ​പ​പ്പെ​ട്ടെ​ന്നാ​ണ് ഐ​തിഹ്യം. ഭൂ​പ്ര​കൃ​തി​യി​ലെ സാ​മ്യ​ത മാ​ത്ര​മ​ല്ല ഗോ​വ​ക്കാ​രു​ടെ രു​ചി​ക്കൂ​ട്ടു​ക​ളും മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ ഇ​ഷ്‌ടപ്പെ​ടും. ഒ​രുകാ​ല​ത്ത് ഏ​റെ ദു​ഷ്ക​ര​മാ​യി​രു​ന്നു കേ​ര​ള​ത്തി​ൽനി​ന്നു ഗോ​വ​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ. കു​ർ​ടോ​ളി​ൻ ന​ദി​യും കു​ന്ദാ​പു​ര​യി​ലെ പ​ഞ്ച​ഗം​ഗ ന​ദി​യും ക​ട​ക്ക​ണ​മെ​ങ്കി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തുകി​ട​ന്നു ച​ങ്ങാ​ട​ത്തി​ൽ ക​യ​റ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ കൊ​ങ്ക​ൺ റ​യി​ൽ​വേ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ ഗോ​വ​ൻ യാ​ത്ര​ക​ൾ എ​ളു​പ്പ​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യി. നി​ന​ച്ചി​രി​ക്കാ​തെ​യാ​ണ് ഒ​രു ഗോ​വ​ൻ യാ​ത്ര മു​ന്നി​ൽ വ​ന്നുപെ​ട്ട​ത്. തൃ​ശൂ​ർ തീ​വ​ണ്ടി സ്റ്റേ​ഷ​നി​ൽ നി​ന്ന് ഓ​ക്ക എ​ക്സ്പ്ര​സി​ൽ യാ​ത്ര തു​ട​ങ്ങി. ഉ​ഡു​പ്പി​യി​ലെ​ത്തു​മ്പോ​ൾ പ്ര​ഭാ​ത​മാ​യി. മൂ​കാം​ബി​ക​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​ർ തീ​വ​ണ്ടി​യി​ൽ ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. അ​വ​രെ​ല്ലാം മൂ​കാം​ബി​ക റോ​ഡി​ൽ ഇ​റ​ങ്ങി. കോ​ച്ചു​ക​ളി​ൽ തി​ര​ക്കൊ​ഴി​ഞ്ഞു.

ന​ദി​ക​ളും തു​ര​ങ്ക​ങ്ങ​ളും ക​ട​ന്നു തീ​വ​ണ്ടി പാ​യു​ക​യാ​ണ്. പു​റം​കാ​ഴ്ച​ക​ളി​ൽ കൊ​ങ്ക​ൺ തീ​ര​ങ്ങ​ളു​ടെ ചാ​രു​ത. ഇ​ളം​വെ​യി​ൽ വാ​രിപ്പു​ത​ച്ച പ്ര​കൃ​തി, ചെ​ങ്ക​ൽ​രാ​ശിമ​ണ്ണി​ലു​ള്ള കൃ​ഷി​യി​ട​ങ്ങ​ൾ, ചെ​റു​വ​ന​ങ്ങ​ൾ, ഇ​ട​യ്ക്കി​ടെ ദ​ർ​ശ​നം ത​രു​ന്ന നീ​ല​ക്ക​ട​ൽ. ഗാ​ബി​യോ​ണു​ക​ൾ ക​ൺ​കൊ​ൺ (CANACONA) മു​ത​ൽ വ​ലി​യ കു​ന്നു​ക​ളും വ​ന​ങ്ങ​ളും തെ​ളി​ഞ്ഞു. പ​റ​ങ്കി​മാ​വി​ൻ തോ​പ്പു​ക​ൾ, ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് ഇ​റ​ങ്ങിവ​രു​ന്ന നാ​ട്ടു​വ​ഴി​ക​ൾ, ക​വ​ല​ക​ൾ, ച​ന്ത​ക​ൾ, കൊ​ങ്ക​ൺ ശൈ​ലി​യി​ൽ വ​സ്ത്ര​ധാ​ര​ണം ചെ​യ്ത ഗ്രാ​മീ​ണ​ർ, ഒ​ന്നി​നു പിറ​കെ ഒ​ന്നാ​യി വ​ന്നുചേ​രു​ന്ന പാ​ല​ങ്ങ​ളും തു​ര​ങ്ക​ങ്ങ​ളും, ഇ​രു​ട്ടും വെ​ളി​ച്ച​വും കൂ​ടി​ച്ചേർ​ന്നു​ള്ള പ്ര​യാ​ണ​വഴിക​ൾ... വി​സ്മ​യ​ക​ര​മാ​ണ് കൊ​ങ്ക​ൺ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര. ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യമു​ള്ള പാ​ടി തു​ര​ങ്ക​വും ക​ട​ന്ന് മ​ഡ്‌​ഗോ​ൺ സ്റ്റേ​ഷ​നി​ലെ​ത്തി. ഗോ​വ​യി​ലേ​ക്കു​ള്ള ടൂറി​സ്റ്റു​ക​ൾ അ​ധി​ക​വും ഇ​റ​ങ്ങു​ന്ന​ത് മ​ഡ്‌​ഗോ​ണി​ലാ​ണ്. മ​ഡ്‌​ഗോ​ൺ ജം​ഗ്ഷ​നാ​ണ്. കൊ​ങ്ക​ൺ റെ​യി​ൽ​വേ​യും സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യും ഇ​തുവ​ഴി തീ​വ​ണ്ടി​ക​ൾ ഓ​ടി​ക്കു​ന്നു. മ​ഡ്‌​ഗോ​ണി​ൽ ഇ​റ​ങ്ങി ഞാ​ൻ വെ​ർ​ണ​യി​ലേ​ക്കു​ള്ള തീ​വ​ണ്ടി പി​ടി​ച്ചു. വെ​ർ​ണ​യി​ൽ അ​നു​ജ​ന്‍റെ വീ​ടു​ണ്ട്. അ​നു​ജ​നും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും (റ​നി​ക​യും റി​തു​ലും) വ​ർ​ഷ​ങ്ങ​ളാ​യി ഗോ​വ​യി​ലാ​ണു താ​മ​സം.ഗോ​വ​ൻ ഗ്രാ​മ​ങ്ങ​ളു​ടെ ഒ​രു പ​രി​ച്ഛേ​ദ​മാ​ണ് വെ​ർ​ണ. തെ​ങ്ങി​ൻ​തോ​പ്പു​ക​ളും വ​യ​ലു​ക​ളും തോ​ടു​ക​ളും കു​ന്നു​ക​ളും. വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്താ​യി തീ​വ​ണ്ടി​പ്പാ​ത. പ​ന​വേ​ലി​ലേക്കും വാ​സ്കോ​ഡ​ഗാ​മ​യി​ലേ​ക്കു​മു​ള്ള തീ​വ​ണ്ടി​ക​ൾ അ​തി​ലൂ​ടെ ഇ​ട​ത​ട​വി​ല്ലാ​തെ ഭൂ​മി കു​ലു​ക്കി പാ​ഞ്ഞുകൊ​ണ്ടി​രു​ന്നു. മു​ൻ​വ​ശ​ത്ത് പ​ച്ചപ്പു​ത​പ്പി​ട്ടപോ​ലെ വി​ശാ​ല​മാ​യ പ​യ​ർപാ​ട​ങ്ങ​ൾ. രാ​വി​ലെ മു​ത​ൽ അ​വി​ടെ കൃ​ഷി​പ്പ​ണി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ. പ്ര​ഭാ​തമ​ഞ്ഞി​നി​ട​യി​ലൂ​ടെ ര​ക്ത​വ​ർ​ണം ചാ​ർ​ത്തി ഉ​ദി​ച്ചു​യ​രു​ന്ന സൂ​ര്യ​ൻ. വെ​യി​ൽ മൂ​ക്കു​ന്ന​തോ​ടെ ഒ​ടി​ച്ചെ​ടു​ത്ത പ​യ​ർ കെ​ട്ടു​ക​ളാ​ക്കി ക​ർ​ഷ​ക​ർ വി​ൽ​പന​യ്ക്കാ​യി കൊ​ണ്ടു​പോ​യിത്തുട​ങ്ങും. ഗോ​വ​യി​ൽ എ​വി​ടെനി​ന്നും പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്കു കു​റ​ച്ചു ദൂ​രം ന​ട​ന്നാ​ൽ ഏ​തെ​ങ്കി​ലും ഒ​രു ബീ​ച്ചി​ലെ​ത്താം. പ​യ​ർവ​യ​ലു​ക​ൾ​ക്കി​ട​യി​ലെ വ​ര​മ്പു​ക​ളി​ലൂ​ടെ കു​റ​ച്ചുദൂ​രം മു​ന്നോ​ട്ടു ന​ട​ന്ന​പ്പോ​ൾ അ​റോ​സിം ബീ​ച്ചി​ലെ​ത്തി. അ​റോ​സിം ബീ​ച്ചി​ലാ​യി​രു​ന്നു ആ​ദ്യ സ​ന്ദ​ർ​ശ​നം. ഏ​റെ​ക്കു​റെ വി​ജ​ന​മാ​യി​രു​ന്നു ബീ​ച്ച്. പ​ക്ഷെ സു​ന്ദ​രം. ബീ​ച്ചി​ന്‍റെ ഓ​ര​ങ്ങ​ളി​ൽ അ​വി​ട​വി​ടെ​യാ​യി റി​സോ​ർ​ട്ടു​ക​ൾ. ക​ട​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള അ​തി​ന്‍റെ മു​റ്റ​ങ്ങ​ളി​ലും കോ​ലാ​യി​ലും വെ​ള്ള​ക്കാ​രാ​യ ടൂറി​സ്റ്റു​ക​ൾ ചാ​രു​ബെ​ഞ്ചി​ൽ മ​ല​ർ​ന്നുകി​ട​ക്കു​ന്നു. ചി​ല​ർ ക​ട​ൽ​സ്നാ​നം ചെ​യ്യു​ന്നു. ഗോ​വ​യി​ലെ തി​ര​ക്കുപി​ടി​ച്ച മി​റാ​മി​ർ, കാ​ല​ങ്കു​റ്റി, ഡോ​ൺപോ​ള തു​ട​ങ്ങി​യ ബീ​ച്ചു​ക​ളെ​ക്കാ​ൾ ഏ​റെ വ്യ​ത്യ​സ്ത​മാ​ണ് അ​റോ​സിം ബീ​ച്ച്. തീ​ര​ങ്ങ​ളി​ൽ ധാ​രാ​ളം ക​ട​ൽ​പ്പ​ക്ഷി​ക​ൾ. സീ​ഗ​ൾ പ​ക്ഷി​ക​ൾ കൂ​ട്ട​മാ​യി പ​റ​ന്നു​യ​രു​ന്ന​തും ക​ല​പി​ല കൂ​ട്ടു​ന്ന​തും കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​യാ​ണ്. സ്വ​സ്ഥ​ത​യോ​ടെ അ​വ​യു​ടെ കു​സൃ​തി​ക​ൾ എ​ത്രനേ​രം വേ​ണ​മെ​ങ്കി​ലും ക​ണ്ടി​രി​ക്കാം. നു​ര​യു​ന്ന ക​ട​ൽ​വെ​ള്ള​ത്തി​ൽ കാ​ല്പാ​ദം ന​ന​ച്ചു കു​റേനേ​രം ബീ​ച്ചി​ലൂ​ടെ ന​ട​ന്നു. ദൂ​രെ ക​ട​ലി​ലേ​ക്ക് ത​ള്ളിനി​ൽ​ക്കു​ന്ന ചെ​ങ്ക​ൽകു​ന്നു​ക​ൾ. വ​ലി​യൊ​രു ജ​ർ​മൻ ഷെ​പ്പേ​ർ​ഡ് നാ​യ​യു​മാ​യി ഒ​രു സാ​യി​പ്പും മ​ദാ​മ്മ​യും ക​ട​ലി​ൽ ആ​ർ​ത്തു​ല്ല​സി​ക്കു​ന്നു.

നേ​രം ഉ​ച്ച​യാ​യി. തി​രി​ച്ചു ന​ട​ന്നു. നി​ര​ത്തി​ലെ പീ​ടി​ക​ക​ളെ​ല്ലാം അ​ട​ച്ചുതു​ട​ങ്ങി. ഇ​നി വൈ​കിട്ടേ അ​വ​യെ​ല്ലാം തു​റ​ക്കു​ക​യു​ള്ളൂ. ഒ​രു​മ​ണി മു​ത​ൽ നാ​ലു​മ​ണിവ​രെ ഗോ​വ​ക്കാ​ർ​ക്ക് വി​ശ്ര​മ​മാ​ണ്. ഗോ​വ​യി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം പോ​ർ​ച്ചു​ഗീ​സ് ശൈ​ലി​യി​ലാ​ണ്. പ​റ​ങ്കി​മാ​വു​ക​ളു​ടെ ത​ണ​ലി​ൽ പ​ഴ​യൊ​രു ബം​ഗ്ലാ​വ് നി​ലംപൊ​ത്താ​റാ​യി നി​ൽ​ക്കു​ന്നു. അ​തി​ന്‍റെ മു​റ്റ​ത്തു കു​ട്ടി​ക​ളു​ടെ ക്രി​ക്ക​റ്റ്ക​ളി. വെ​ർ​ണ​യി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​ത്ര അ​ക​ലെ​യ​ല്ലാ​തെ വ​ലി​യൊ​രു കു​ന്ന് കാ​ണാം. കു​ന്നി​ൻ​മു​ക​ളി​ൽ ഒ​രു വെ​ളു​ത്ത പ​ള്ളി. ഏ​തൊ​രു സ​ഞ്ചാ​രി​യെ​യും പെ​ട്ടെ​ന്ന് ആക​ർ​ഷി​ക്കുംവി​ധ​മാ​ണ് പോ​ർ​ച്ചു​ഗീ​സ് മാ​തൃ​ക​യി​ലു​ള്ള ആ ​പ​ള്ളി​യു​ടെ നി​ൽ​പ്. വൈ​കു​ന്നേ​രം അ​നു​ജ​ന്‍റെ ബൈ​ക്കി​ൽ കു​ന്നി​ൻ​മു​ക​ളി​ലെ പ​ള്ളി​യി​ലേ​ക്കു പു​റ​പ്പെ​ട്ടു. അ​ൽ​പം ആ​യാ​സ​പ്പെ​ട്ടാ​ണ് കു​ന്നി​ൻമു​ക​ളി​ൽ എ​ത്തി​യ​ത്. ആ​ളൊ​ഴി​ഞ്ഞു കി​ട​ക്കു​ന്ന പ​ള്ളി​യും പ​രി​സ​ര​വും. ഭ​യ​മു​ണ​ർ​ത്തും പോ​ലെ സ​ദാ​സ​മ​യവും വീ​ശി​യ​ടി​ക്കു​ന്ന ക​ട​ൽ​ക്കാ​റ്റ്. സു​ഗ​ന്ധം പ​ര​ത്തി ഒ​രു വെ​ള്ള പാ​ല​മ​രം പ​ള്ളി​പ​രി​സ​ര​ത്തു പൂ​ത്തുനി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ചു​റ്റു​പാ​ടും കാ​ണു​മ്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത നി​ർ​വൃ​തി​യാ​ണ്. അ​പ്പൂപ്പ​ൻ​താ​ടി പോ​ലു​ള്ള ഒ​രു ത​രം പു​ല്ലു​ക​ൾ. മ​ര​ച്ചി​ല്ല​ക​ളി​ൽ പ​ല​ത​രം കി​ളി​ക​ൾ. ഏ​ക​ദേ​ശം ഗോ​വ​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ഒ​റ്റ വീ​ക്ഷ​ണ​ത്തി​ൽ ല​ഭി​ക്കും. അ​ര​പ്പ​ട്ട കെ​ട്ടി​യപോ​ലെ ക​ട​ൽ​ത്തീ​ര​ങ്ങ​ൾ,തെ​ങ്ങി​ൻ ത​ല​പ്പു​ക​ളു​ടെ പ​ച്ച​പ്പ്‌, ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന പ​ള്ളി ഗോ​പു​ര​ങ്ങ​ൾ, ഇ​ട​ത്തോ​ടു​ക​ൾ, കു​ർ​ടോ​ളി​ൻ പു​ഴ. പ​ള്ളി പൂട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. മൂ​ന്ന് രാ​ജാ​ക്ക​ന്മാ​രു​ടെ പ​ള്ളി എ​ന്നാ​ണ് പ​ള്ളി​യു​ടെ പേ​ര്. എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി ആ​റി​നാ​ണ് പ​ള്ളി​യി​ലെ പെ​രു​ന്നാ​ൾ. ഈ ​പ്ര​ദേ​ശ​ത്തെ വ​ലി​യൊ​രു ആ​ഘോ​ഷ​മാ​ണ് പെ​രു​ന്നാ​ൾ. ഉ​ണ്ണി​യേ​ശു​വി​നെ ആ​രാ​ധി​ക്കാ​ൻ വ​ന്ന പൂ​ജ​രാ​ജാ​ക്ക​ന്മാ​രു​ടെ ഓ​ർ​മയ്ക്കാ​ണ​ത്. പൂ​ജ​രാ​ജാ​ക്ക​ന്മാ​രാ​യി എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ തെര​ഞ്ഞെ​ടു​ത്ത് അ​ണി​യി​ച്ചൊ​രു​ക്കി കു​തി​ര​പ്പു​റ​ത്തു ക​യ​റ്റി ദേ​ശ​ത്തെ പ​ല വ​ഴി​ക​ളി​ലൂ​ടെ പ്ര​ദ​ക്ഷി​ണ​മാ​യി കു​ന്നി​ൻമുക​ളി​ലെ പ​ള്ളി​യി​ലെ​ത്തു​ന്നു. ഉ​ണ്ണി​യേ​ശു​വി​നു സ്വ​ർ​ണവും മീ​റ​യും കു​ന്തി​രി​ക്ക​വും സ​മ്മാ​നി​ച്ച് തീ​ർ​ഥാ​ട​ക​ർ പ്ര​ധാ​ന പാ​ത​യി​ലൂ​ടെ കു​ന്നി​റ​ങ്ങു​ന്ന​തോ​ടെ പെ​രു​ന്നാ​ളി​നു സ​മാ​പ​ന​മാ​കും. പി​ന്നെ അ​ടു​ത്ത പെ​രു​ന്നാ​ളി​നു മാ​ത്ര​മേ പ​ള്ളി തു​റ​ക്കു​ക​യു​ള്ളൂ.പ്ര​ഭാ​ത​ങ്ങ​ളി​ൽ ഗോ​വ​ൻ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​ണ്. എ​ങ്ങും മൂ​ട​ൽ​മ​ഞ്ഞി​ൽ ല​യി​ച്ച അ​വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ൾ. ട്രാ​ക്ക് സ്യൂ​ട്ട​ണി​ഞ്ഞു പ്ര​ഭാ​തസ​വാ​രി​ക്കി​റ​ങ്ങി​യ ലോ​ക​ത്തി​ന്‍റെ പ​ല ദി​ക്കു​ക​ളി​ൽ നി​ന്നും എ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ. പ​ല​ത​രം ഭാ​ഷ​ക​ൾ. പാ​ൽ വി​ൽപന​ക്കാ​ർ. സൊ​സൈ​റ്റി​ക​ളി​ൽ ഫെ​നി അ​ള​ക്കാ​ൻ വ​രിനി​ൽ​ക്കു​ന്ന ഗ്രാ​മീ​ണ​ർ. മീ​ൻക​ച്ച​വ​ട​ക്കാ​ർ. പ​ല ജെ​നു​സി​ൽപെ​ട്ട തെ​രു​വുനാ​യ്ക്ക​ൾ. പ​ശ്ചാ​ത്ത​ലസം​ഗീ​ത​മാ​യി നി​ലയ്​ക്കാ​ത്ത ക​ട​ലാ​ര​വം. വെ​ർ​ണ​യി​ൽനി​ന്നു തീ​വ​ണ്ടി ക​യ​റി​യാ​ണ് ഒ​രു ദി​വ​സം പ​ഴ​യ ഗോ​വ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഓ​ൾ​ഡ് ഗോ​വ​യി​ലേ​ക്ക് പോ​കാ​ൻ പ​ന​വേ​ൽ റൂ​ട്ടി​ൽ ക​ർ​മാ​ലി​ൻ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങ​ണം. തീ​വ​ണ്ടി സു​വാ​രി ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലം ക​ട​ക്കാ​ൻ തു​ട​ങ്ങി. അ​ഴി​മു​ഖ​ത്തുനി​ന്ന് എ​ത്തു​ന്ന ത​ണു​ത്ത കാ​റ്റ് തീ​വ​ണ്ടി​യെ ആ​ശ്ലേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഒ​റ്റ തൂ​ണു​ക​ളി​ൽ നി​ർ​മിച്ച​താ​ണ് സു​വാ​രി പാ​ലം. കൊ​ങ്ക​ൺ റെ​യി​ൽ​വേ​യു​ടെ വി​സ്മ​യാ​വ​ഹ​മാ​യ മ​റ്റൊ​രു നി​ർ​മി​തി. ചു​റ്റു​പാ​ടും അ​ന​ന്ത​മാ​യ നീ​ർ​ത്ത​ട​ങ്ങ​ൾ. ദേ​ശീയപാ​ത​യി​ലെ പാ​ല​ത്തി​ലൂ​ടെ നി​ഴ​ൽപോ​ലെ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത് കാ​ണാം. അ​തി​നു​മ​പ്പു​റ​ത്തു സു​വാ​രി ന​ദി​യു​ടെ അ​തി​വി​ശാ​ല​മാ​യ അ​ഴി​മു​ഖം. പ്ര​ധാ​ന​മാ​യും മൂ​ന്ന് ന​ദി​ക​ളാ​ണ് ഗോ​വ​യി​ലൂ​ടെ ഒ​ഴു​കി ക​ട​ലി​ൽ ചേ​രു​ന്ന​ത്. മ​ണ്ഡോ​വി, സു​വാ​രി, ച​പോ​രാ.

ക​ർ​മാ​ലി​ൻ സ്റ്റേ​ഷ​നി​ൽനി​ന്നു നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട് മ​ണ്ഡോ​വി ന​ദി​ക്ക​ര​യി​ലു​ള്ള ബ​സ​ലി​ക്ക ഓ​ഫ് ബോം ​ജീ​സ​സ് പ​ള്ളി​യി​ലേ​ക്ക്. ഒ​രു ഓ​ട്ടോ പി​ടി​ച്ചാ​യി യാ​ത്ര. ഗോ​വ​യി​ൽ പോ​ർ​ച്ചു​ഗീ​സു​കാ​രു​ടെ ആ​സ്ഥാ​ന​മാ​യി​രു​ന്നു ഓ​ൾ​ഡ് ഗോ​വ. പ​ള്ളി​യു​ടെ ഒ​രു ഭാ​ഗ​ത്താ​യി പ​ഴ​യ വെ​ടി​ക്കോ​പ്പ് സം​ഭ​ര​ണശാ​ല​ക​ളും ഓ​ഫീ​സു​ക​ളും കാ​ണാം. പ​ള്ളി​മു​റ്റ​ത്ത് എ​ത്തു​മ്പോ​ൾ അ​വി​ടെ ഒ​രു വി​വാ​ഹം ന​ട​ക്കു​ക​യാ​ണ്. വി​വാ​ഹ​ത്തി​നെ​ത്തി​യ കോ​ട്ടും സ്യൂ​ട്ടും ഗൗ​ണും ധ​രി​ച്ച ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ സ​ഞ്ച​യം. ലി​പ്സ്റ്റി​ക് ഇ​ട്ട ചു​ണ്ടു​ക​ളും റൂ​ഷ് പു​ര​ട്ടി​യ ക​വി​ളു​ക​ളും. ഒ​രു പോ​ർ​ച്ചു​ഗീ​സ് പ​ട്ട​ണ​ത്തി​ൽ എ​ത്ത​പ്പെ​ട്ട പ്ര​തീ​തി. ഗോ​വ​ക്കാ​രു​ടെ ജീ​വി​തശൈ​ലി​യി​ൽ ഇ​പ്പോ​ഴു​മു​ണ്ട് ആ ​പ​ഴ​യ പോ​ർ​ച്ചു​ഗീ​സ് ബ​ന്ധം. സു​ന്ദ​ര​മാ​യ ബീ​ച്ചു​ക​ളും യൂ​റോ​പ്യ​ൻ ക​ൾ​ച്ച​റും വി​ദേ​ശ ടൂറി​സ്റ്റു​ക​ളെ ഗോ​വ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു. ക​ല്യാ​ണപാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ മെ​ല്ലെ പ​ള്ളി​ക്ക​ക​ത്തേ​ക്കു ക​ട​ന്നു. ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പു​ണ്യ​വാ​ള​ന്‍റെ അ​ഴു​കാ​ത്ത മൃ​ത​ശ​രീ​രം പ​ള്ളി​ക്ക​ക​ത്തു പ്ര​ത്യേ​ക പേ​ട​ക​ത്തി​ൽ സൂ​ക്ഷി​​ച്ചി​ട്ടു​ണ്ട്. 1552 -ൽ ​സാ​ൻ​സി​ൻ ദ്വീ​പി​ൽ വ​ച്ചാ​ണ് ഫ്രാ​ൻ​സി​സ് പു​ണ്യ​വാ​ള​ൻ മ​രി​ച്ച​ത്. ഭൗ​തി​കശ​രീ​രം മ​ലാ​ക്ക​യി​ൽ സം​സ്ക​രി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഗോ​വ​യി​ൽ കൊ​ണ്ടുവ​ന്നു സൂ​ക്ഷി​ച്ചുവ​ച്ചു. പ​ള്ളി​യ​കം പോ​ർ​ച്ചു​ഗീ​സ് ചി​ത്ര​പ്പ​ണി​ക​ൾകൊ​ണ്ട് സ​മ്പ​ന്ന​മാ​ണ്. പ്ര​ധാ​ന അ​ൾ​ത്താ​ര​യി​ൽ വി​ശു​ദ്ധ ഇ​ഗ്‌​നേ​ഷ്യ​സ് ല​യോ​ള​യു​ടെ ദി​വ്യ​രൂ​പം അ​ല​ങ്ക​രി​ച്ചുവ​ച്ചി​രി​ക്കു​ന്നു. ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ പ​ല​വി​ധ ജീ​വി​തചി​ത്ര​ങ്ങ​ളും വ​ര​ച്ചുവ​ച്ചി​ട്ടു​ണ്ട്. ജ​സ്യൂ​ട്ട് ആ​ർ​ക്കിടെക്്ച​റി​ലു​ള്ള പ​ള്ളി​യു​ടെ നി​ർ​മാ​ണം 1594 -ൽ ​തു​ട​ങ്ങി​യെ​ങ്കി​ലും 1605-ലാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. പു​റം​ചു​മ​രു​ക​ൾ മൂ​ന്നു നി​ല​യി​ൽ ക​രി​ങ്ക​ല്ലും ചെ​ങ്ക​ല്ലും ചു​ണ്ണാ​ന്പ് സു​ർ​ക്കി​യി​ൽ കൂ​ട്ടിയോ​ജി​പ്പി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ബി​ൾ വി​രി​ച്ച ത​റ​ക​ൾ. യു​നെ​സ്കോ​യു​ടെ ഗോ​വ​യി​ലു​ള്ള അ​ൻ​പ​തോ​ളം ഹെ​റി​റ്റേ​ജ് സ്മാ​ര​ക​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ബോം ​ജീ​സ​സ് ബ​സ​ലി​ക്ക.

പ​ള്ളി​യും പ​രി​സ​ര​വും ചു​റ്റിന​ട​ന്നു ക​ണ്ട് മ​ണ്ഡോ​വി ന​ദി​ക്ക​ര​യി​ലെ​ത്തി. ശാ​ന്ത​മാ​യ ന​ദി​പ്പ​ര​പ്പി​ൽ അ​സ്ത​മ​യ ശോ​ണി​മ പ​ര​ന്നി​റ​ങ്ങു​ന്നു. തൊ​ട്ടു പിറ​കി​ലാ​യി ഭാ​ര​ത​ത്തി​ലെ പോ​ർ​ച്ചു​ഗീ​സ് ത​ല​സ്ഥാ​ന​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ കാ​ണാം. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലാ​ണ് പോ​ർ​ച്ചു​ഗീ​സു​കാ​ർ ഗോ​വ​യി​ലെ​ത്തി​യ​ത്. അ​ന്നുവ​രെ ബീ​ജാ​പ്പൂ​ർ സു​ൽ​ത്താ​ന്‍റെ കൈ​ക​ളി​ലാ​യി​രു​ന്നു കൊ​ങ്ക​ൺ പ്ര​ദേ​ശം. 400 വ​ർ​ഷ​ത്തോ​ളം പോ​ർ​ച്ചു​ഗീ​സു​കാ​ർ ഗോ​വ ഭ​രി​ച്ചു. ഗോ​വ ആ​സ്ഥാ​ന​മാ​ക്കി നാ​ഗ​പ​ട്ട​ണം മു​ത​ൽ കേ​ര​ള തീ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചൈ​ന​യി​ലെ മ​ക്കാ​വുവ​രെ അ​വ​രു​ടെ സ്വാ​ധീ​ന മേ​ഖ​ല​ക​ൾ ഉ​ണ്ടാ​ക്കി. സു​വാ​രി ന​ദി​യു​ടെ അ​ഴി​മു​ഖ​ത്തു​ള്ള മ​ർ​മഗോ​വ തു​റ​മു​ഖ​വും വാ​സ്കോ​ഡ​ഗാ​മ പ​ട്ട​ണ​വും പോ​ർ​ച്ചു​ഗീ​സു​കാ​രു​ടെ സം​ഭാ​വ​ന​യാ​ണ്.

മ​ണ്ഡോ​വി ന​ദി​യി​ലൂ​ടെ നീ​ങ്ങു​ന്ന ഒ​രു ഉ​ല്ലാ​സനൗ​ക​യി​ൽ നി​ന്നു പ​തി​ഞ്ഞു​യ​രു​ന്ന ഗോ​വ​യു​ടെ നാ​ടോ​ടി സം​ഗീ​തം. അ​തി​നൊ​ത്തു നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന ഗ്രാ​മീ​ണവേ​ഷം ധ​രി​ച്ച പെ​ൺ​കു​ട്ടി​ക​ൾ. പാ​ട്ടും നൃ​ത്ത​വും ഗോ​വ​ക്കാ​ർ​ക്കു എ​ന്നും പ്രി​യ​പ്പെ​ട്ട​താ​ണ്. ടൂറി​സ്റ്റു​ക​ളു​മാ​യി പോ​കു​ന്ന ഏ​തോ റി​വ​ർ ക്രൂ​യി​സ് സം​ഘ​മാ​ണ്. വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ച്ചുതു​ട​ങ്ങി. പാ​ത​യോ​ര​ങ്ങ​ളി​ൽ രാ​ത്രി​ക​ളി​ൽ ന​ട​ക്കു​ന്ന ഡി​ന്ന​ർ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള അ​ല​ങ്കാ​ര​ങ്ങ​ൾ.​ അ​ണി​യ​റ​യി​ൽ മു​ട്ടി​യും മൂ​ളി​യും വ​ലി​യ ഡ്ര​മ്മു​ക​ളി​ലും ഓ​ർ​ഗ​നു​ക​ളി​ലും ഗി​ത്താ​റി​ലും പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന ഗാ​യ​ക​സം​ഘം. ചെ​റി​യ ക​രി​മ​രു​ന്നുവേ​ല​ക​ൾ. തു​റ​ന്നുവ​ച്ചി​രി​ക്കു​ന്ന പ​ല​ച​ര​ക്കു ക​ട​ക​ക​ളി​ലും വി​ല്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന പ​ല വ​ർ​ണങ്ങ​ളി​ലു​ള്ള മ​ദ്യ​ക്കു​പ്പി​ക​ൾ കാ​ണാം. ജീ​വി​തം ആ​ഘോ​ഷ​ങ്ങ​ൾ​ക്കുകൂ​ടി​യു​ള്ള​താ​ണെ​ന്നാ​ണു ഗോ​വ​ൻ പ​ക്ഷം. വെ​ർ​ണ​യി​ലേ​ക്കു​ള്ള അ​ടു​ത്ത തീ​വ​ണ്ടി​യു​ടെ ചൂ​ള​മ​ടി​യും കാ​തോ​ർ​ത്തു ക​ർ​മാ​ലി സ്റ്റേ​ഷ​നി​ൽ ഒരു ചൂടു​ചാ​യ നു​ണ​ഞ്ഞിരി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ.

സാ​ബു മ​ഞ്ഞ​ളി