മലയാളികൾക്കു ലോകകാഴ്ചകളുടെ വിസ്മയം സമ്മാനിക്കുന്ന സഞ്ചാരിയാണ് സന്തോഷ് ജോർജ് കുളങ്ങര. 2001ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം തുടങ്ങിയ സഞ്ചാരം ഇപ്പോൾ സഫാരി ടിവിയിലൂടെ രണ്ടായിരത്തോളം എപ്പിസോഡുകൾ പിന്നിടുന്നു. ഒരേ സമയം പഠനവും അന്വേഷണവും നിരീക്ഷണവുമാണ് 136 രാജ്യങ്ങളിലൂടെ 25ാം വർഷത്തിലെത്തിയ യാത്രകൾ. ചരിത്രത്തിന്റെ പാദമുദ്രകൾ കാമറയിൽ ഒപ്പിയെടുത്ത് അറിവിന്റെ വിരുന്നായി ഇദ്ദേഹം ലോകമലയാളികൾക്ക് സമ്മാനിക്കുന്നു. മാധ്യമപ്രവർത്തനത്തിനൊപ്പം പര്യവേക്ഷകനും പ്രസാധകനും ഗവേഷകനും പ്രസാധകനുമായ സന്തോഷ് ജോർജ് തന്റെ യാത്രാനുഭവങ്ങൾ സണ്ഡേ ദീപികയോടു പങ്കുവയ്ക്കുന്നു.
• സഞ്ചാരം 25ാം വർഷത്തിലെത്തുന്പോൾ
സഞ്ചാരം രണ്ട് നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. നമ്മുക്കു ലോകത്തെ പഠിക്കാം, ഒപ്പം ലോകത്തെ പഠിപ്പിക്കുകയും ചെയ്യാം. അറിവിലും കാഴ്ചപ്പാടിലും നാം എവിടെ നിൽക്കുന്നുവെന്നു തിരിച്ചറിയാനും സഞ്ചാരം ഉപകരിക്കും. സ്വാമി വിവേകാനന്ദൻ തന്റെ ചിക്കാഗോ പ്രസംഗത്തിൽ പറഞ്ഞത് ഇക്കാര്യത്തിലും പ്രസക്തമാണ്. ‘ഒരു കിണറിനുള്ളിലാണ് ജീവിതമെങ്കിൽ കിണറിന്റെ വട്ടമുള്ള ആകാശമേ ഒരാൾക്കു കാണാനാകൂ. പുറത്തിറങ്ങിയാൽ അനന്തമായ ചക്രവാളം ആസ്വദിക്കാം.’
നാമൊക്കെ പഠിച്ചത് ഇന്ത്യൻ ആംഗിളിലുള്ള സ്വാതന്ത്ര്യസമരത്തെക്കുറിച്ചാണ്. ബ്രിട്ടീഷ് കാഴ്ചപ്പാടിനെ നാം അറിഞ്ഞിട്ടില്ല. പതിനഞ്ചാം നൂറ്റാണ്ടിൽ ലോക സാന്പത്തികശക്തിയായിരുന്ന ബ്രിട്ടൻ, അവർക്കാവശ്യമായ വിഭവങ്ങൾ വിവിധ നാടുകളിൽനിന്നാണു ശേഖരിച്ചിരുന്നത്. അത്തരത്തിലാണ് ഇന്ത്യയെയും അവർ കോളനിയാക്കിയത്. കാലം മാറിയപ്പോൾ ആ ചിന്തകൾക്കു മാറ്റം വന്നു. ഒരു രാജ്യത്തെ അധീനതയിലാക്കുകയെന്നത് തെറ്റാണെന്ന നിലപാട് ഇക്കാലത്തുണ്ടായെങ്കിലും 1500കളിൽ അതായിരുന്നില്ല പാശ്ചാത്യരുടെ ചിന്താഗതി.
മുൻനൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായിരുന്ന അടിമത്തവും ജാതിവ്യവസ്ഥയുമൊക്കെ നോക്കിയാൽ വൈദേശിക ചെയ്തികളെക്കാൾ നിന്ദ്യവും ക്രൂരവുമായിരുന്നുവെന്നു കാണാം. ഒരു വിഭാഗം തെറ്റുകാരും മറുഭാഗം നൻമയുള്ളവരുമെന്ന ധാരണയ്ക്ക് മറ്റൊരുവശം കൂടിയുണ്ടെന്നറിയാൻ ലോകസഞ്ചാരം ഇടയാക്കും.
ശാരീരിക ന്യൂനതയുള്ളവരെ ഭിന്നശേഷിക്കാർ എന്നു വിശേഷിപ്പിക്കാൻ തുടങ്ങിയിട്ട് ചുരുങ്ങിയ കാലമേ ആയിട്ടുള്ളു. അതിനു മുൻപ് വികലാംഗർ, മന്ദബുദ്ധി തുടങ്ങിയ അധിക്ഷേപ വാക്കുകളാണ് പ്രയോഗിച്ചിരുന്നത്. അത്തരത്തിൽ നാമും അടുത്തകാലം വരെ അപരിഷ്കൃതരായിരുന്നുവെന്നു പറയേണ്ടിവരും.
എല്ലാവർക്കും ലോകം മുഴുവൻ സഞ്ചരിച്ചു കാഴ്ചകൾ കണ്ടു പഠിക്കുക പ്രായോഗികമല്ല. അവിടെയാണ് സഞ്ചാരത്തെ ഞാനൊരു സാധ്യതയാക്കിയത്. കണ്ടതൊക്കെ എഴുതി പ്രസിദ്ധീകരിച്ചാൽ ജനം വിശ്വസിക്കണമെന്നില്ല. മറ്റു രാജ്യങ്ങളിലെ ജീവിതം, സംസ്കാരം എന്നിവ നേർക്കാഴ്ചകളാക്കുന്പോൾ ജനങ്ങൾ വിശ്വസിക്കും, മനസിലാക്കും.
• എത്ര നീണ്ടു സഞ്ചാരം, യാത്രയിൽ ടെൻഷനുണ്ടോ
ഇതോടകം 136 രാജ്യങ്ങളിലൂടെ സഞ്ചാരം മുന്നോട്ടുപോയി. ചൈനയിലും അമേരിക്കയിലും പന്ത്രണ്ട് തവണ പോയി. യൂറോപ്പിലെ പല രാജ്യങ്ങളിലും ഗൾഫിലും ആഫ്രിക്കയിലും നിരവധി തവണ. വിയറ്റ്നാം, സിംഗപ്പൂർ അഞ്ചു തവണ. ഓരോ യാത്രയിലും തിരികെയെത്തുംവരെ എനിക്കു ടെൻഷനുണ്ടെന്ന് സമ്മതിച്ചേ പറ്റു. ഒരാൾ വിനോദയാത്ര പോയാൽ കാഴ്ചകൾ ആസ്വദിച്ചു വെറുംകൈയോടെ മടങ്ങാം. എന്നാൽ ഞാൻ തിരികെവരുന്പോൾ കുറഞ്ഞത് 22 എപ്പിസോഡിനുള്ള കാഴ്ചകൾ ഷൂട്ടു ചെയ്തുവന്നില്ലെങ്കിൽ എന്റെ സ്ഥാപനവും സംരംഭവും പൂട്ടിപ്പോകും. ഓരോ സഞ്ചാരവും നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഗതാഗതം, കാലാവസ്ഥ എന്നിവയൊന്നും തടസമാകാൻ പാടില്ല. കേരളത്തിലേതുപോലെ ഹർത്താലുകൾ വിദേശത്തും പതിവായാൽ ഞാൻ മാത്രമല്ല എന്റെ പ്രസ്ഥാനംതന്നെ തീർന്നുപോയേനെ.
• യാത്രയുടെ ഹോംവർക്ക്
ഓരോ യാത്രയ്ക്കും പിന്നിൽ നീണ്ട പഠനമുണ്ട്. വൈകാതെ പോകാനാഗ്രഹിക്കുന്ന റുവാണ്ട, ഇറാൻ, അയർലണ്ട്, ക്രൊയേഷ്യ രാജ്യങ്ങളെപ്പറ്റി ഞാന് പഠിക്കുകയാണിപ്പോൾ. ഭാരിച്ച ജോലികളുടെ ഇടവേളകളിലും യാത്രാവേളകളിലും രാത്രി വൈകിയുമൊക്കെയാണ് പഠനം. ചരിത്രം, ഭൂപടം, ഭരണം, യാത്രാവിവരണങ്ങൾ, ബ്ലോഗുകൾ തുടങ്ങിയവയൊക്കെ വായിച്ചു നോട്ടുകുറിക്കും. എവർക്കും അറിയാവുന്നതിലും കേട്ടിട്ടുള്ളതിലും അധികമായി എന്തുണ്ട് എന്നതാണ് ഞാൻ തെരയുക. കേട്ടറിവു മാത്രമുള്ള രാജ്യങ്ങളെ അറിയണമെങ്കിൽ ഏറെ പഠിക്കണം. ഉദാഹരണം ക്രൊയേഷ്യ. ലോകകപ്പിൽ രണ്ടാം സ്ഥാനത്തു വന്നപ്പോഴാണ് പലരും ക്രൊയേഷ്യയെക്കുറിച്ച് കേൾക്കുന്നത്. തനിമയിലും ചരിത്രത്തിലും പുതുമകളും വിശേഷങ്ങളുമുള്ള സ്ലാവ് വംശജരുടെ രാജ്യമാണത്. അവിടത്തെ ഓരോ ദ്വീപിനും വലിയ ചരിത്രമുണ്ട്.
രാജ്യകാഴ്ചകൾ, ഭക്ഷണം, ഭൂമിശാസ്ത്രം, കാലാവസ്ഥ, യാത്രാവഴികൾ എന്നിവയൊക്കെ അറിഞ്ഞ് ഗൂഗിൾ സഹായത്തോടെ മാപ്പുകളും യാത്രാപ്ലാനും തയാറാക്കും. സഞ്ചാരവേളയിൽ ചിലപ്പോൾ ഹോട്ടലിൽ മുറിയെടുക്കാതെ ട്രെയിനിൽ ദീർഘയാത്രയാകും നേട്ടം. രാത്രി ട്രെയിനിൽ ഉറങ്ങാം, പുലരുന്പോൾ ലക്ഷ്യസ്ഥലത്ത് എത്തുകയും ചെയ്യാം. ഹോട്ടലിൽ മുറിയെടുക്കുന്നതുള്പ്പെടെ ചെറിയ കാര്യങ്ങളും ശ്രദ്ധിക്കും. ഒരു നഗരത്തിൽ പാതിരാവരെ ആഘോഷങ്ങളും ഉല്ലാസങ്ങളുമുണ്ടെങ്കിൽ രാത്രി അതു ഷൂട്ടുചെയ്യാൻ സമീപത്തു തന്നെ താമസിക്കണം. യൂറോപ്പിൽ ചിലയിടങ്ങളിൽ ടാക്സി യാത്ര എളുപ്പമല്ലാത്തതിനാൽ നടപ്പുവഴികൾ മാപ്പുകളിൽ അടയാളപ്പെടുത്തിവയ്ക്കും. സഞ്ചാരത്തിലെ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. അഞ്ചോ ആറോ ദിവസങ്ങളിൽ ഒരു രാജ്യത്തെ ഒപ്പിയെടുത്തു മടങ്ങുന്പോൾ 25 എപ്പിസോഡുകൾക്കുള്ള വക കരുതലായുണ്ടാകണം.
• ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം
എല്ലാം തികഞ്ഞതെന്നു പറയാൻ ഒരു രാജ്യവുമില്ല. കാലാവസ്ഥയിലും മറ്റു കാര്യങ്ങളിലും രാജ്യങ്ങൾ വ്യത്യസ്തമാണ്. സാമൂഹിക സന്തുലിതാവസ്ഥ അടിസ്ഥാനമാക്കിയാൽ യൂറോപ്യൻ രാജ്യങ്ങളാണ് മെച്ചം. മതം, ജാതി, രാഷ്ട്രീയം തുടങ്ങിയവയിൽ സങ്കുചിത്വമില്ലാത്തത് യൂറോപ്പിലാണ്. ഫ്രാൻസിലോ സ്വിറ്റ്സർലൻഡിലോ ഇറ്റലിയിലോ എന്നല്ല യൂറോപ്പിൽ ഏറെയിടങ്ങളിലും വേഷത്തിലും സമീപനത്തിലും തനിമ അനുഭവപ്പെടും. അവിടങ്ങളിലും ദരിദ്രർ ഉണ്ടെങ്കിലും ദാരിദ്ര്യം തിരിയാനാവില്ല. എന്നാൽ, നമ്മുടെ നാട്ടിൽ സന്പരെയും ദരിദ്രരെയും ഒറ്റ നോട്ടത്തിൽ വേർതിരിച്ചു കാണാനാകും.
മതം എന്ന ഘടമെടുക്കാം. ബംഗ്ലാദേശിൽനിന്നുൾപ്പെടെ കുടിയേറ്റങ്ങളെ പല രാജ്യങ്ങളും അനുകൂലിക്കാറില്ല. എന്നാൽ അറേബ്യൻ രാജ്യങ്ങളിൽനിന്നുവരെ അഭയാർഥികളെ ഏറ്റവുമധികം സ്വകരിച്ചത് യൂറോപ്പാണ്. മതം അവർക്കൊരു പരിമിതിയായിരുന്നില്ല. രണ്ടാം മഹായുദ്ധത്തിൽ ഉൾപ്പെടെ വംശീയതയുടെയും ശത്രുതയുടെയും മത വേർതിരിവിന്റെയും കൂട്ടക്കൊലകളുടെയും ഭയാനകത യൂറോപ്പ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതോടെ അവർ ലിബറലായി മാറി. എന്നാൽ സമീപകാലത്ത് കുടിയേറ്റത്തിന്റെ മറവിൽ തീവ്രവാദം ഉൾപ്പെടെ തിരിച്ചടികളുണ്ടായതോടെ സമീപനങ്ങളിലും നിയമങ്ങളിലും മാറ്റം പ്രകടമാണുതാനും.
ബ്രിട്ടണിലെ മുതിർന്ന തലമുറക്കാർക്ക് ഇന്ത്യക്കാരോട് അത്രയേറെ അടുപ്പമോ മതിപ്പോ ഉണ്ടോയെന്നു സംശയം തോന്നിയിട്ടുണ്ട്. എന്നാൽ ജപ്പാൻകാർക്ക് ഇന്ത്യക്കാരോട് പ്രത്യക ബഹുമാനവും ആദരവുമുണ്ട്. അതിന് രണ്ട് കാരണങ്ങളാണ്. ഒന്ന്, കിഴക്കൻ സംസ്കാരങ്ങൾക്ക് പൊതുവായുള്ള സാമീപ്യവും ബന്ധവും. രണ്ട,് ശ്രീബുദ്ധൻ ജനിച്ച നാട് എന്ന ആദരം. മക്കയിലോ മദീനയിൽനിന്നോ എത്തുന്നയാൾക്ക് ഇസ്ലാമിക രാജ്യത്തു കിട്ടുന്ന സ്വീകാര്യത പോലെയാണത്. ബുദ്ധിസത്തിന്റെ വേര് ഇന്ത്യയിൽ നിന്നാണെന്ന ബോധ്യമാണ് ജപ്പാൻകാരുടെ അടുപ്പത്തിന് കാരണം.
• കിഴക്കൻ യൂറോപ്പിന്റെ സ്ഥിതി
1991 വരെ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്നു കിഴക്കൻ യൂറോപ്പ്. കിഴക്കൻ യൂറോപ്പും മധ്യ ഏഷ്യയുമൊക്കെ പല തവണ സഞ്ചരിച്ചിട്ടുണ്ട്. പഴയ കിഴക്കൻ യൂറോപ്പിൽ ഇരുപതു വർഷമായി തുടരെ പോകുന്നുണ്ട്. സോവ്യറ്റ് യൂണിയൻ എന്ന സംരംഭം കൊണ്ടു പ്രയോജനമുണ്ടായത് റഷ്യയ്ക്കാണ്. ഇപ്പോൾ യുദ്ധം നടക്കുന്ന യുക്രെയിനായിരുന്നു മുൻപ് റഷ്യയുടെ ഭക്ഷ്യനിലവറ. യുക്രെയിനിൽനിന്നുള്ള ധാന്യങ്ങൾ എത്തിയിരുന്നത് റഷ്യയിലെ മോസ്കോയിലേക്കും സെന്റ് പീറ്റേഴ്സ്ബർഗിലേക്കും മറ്റ് പട്ടണങ്ങളിലേക്കുമാണ്. എല്ലാം സന്പന്നവും എല്ലാ സുഭിക്ഷവുമായിരുന്നെങ്കിൽ സോവ്യറ്റ് യൂണിയൻ തകരില്ലായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള അതൃപ്തി പാരമ്യതയിലെത്തിയപ്പോഴാണ് ഭിന്നിച്ചുപോയത്.
ജർമനി, കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയുമായി നിന്നപ്പോൾ പടിഞ്ഞാറൻ ജർമനിയിൽ നിന്ന് ജീവൻ പണയപ്പെടുത്തി ഒരാളും കിഴക്കൻ യൂറോപ്പിലേക്ക് പോയിരുന്നില്ല. എന്നാൽ തോക്കുചൂണ്ടി പട്ടാളം കാവൽനിൽക്കെ കിഴക്കൻ ജർമനിയിൽനിന്ന് ജനങ്ങൾ മതിൽചാടി പടിഞ്ഞാറൻ ജർമനയിലെത്തിയിട്ടുണ്ട്. കാറ്റുനിറച്ച ബലൂണിൽ അപ്പുറം കടന്നവരുമുണ്ട്.
• നിയന്ത്രണങ്ങൾ തടസമാകാറുണ്ടോ
നിയമ നിബന്ധനകൾ പല രാജ്യങ്ങളിലുമുണ്ട്. അതാത് രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കുക മാത്രമാണ് പോംവഴി. വിമാനത്താവളങ്ങൾക്കു സമീപം ഡ്രോണുകൾ പറത്താൻ പാടില്ലെന്നു നിയമമുണ്ടെങ്കിൽ നാം വാശിപിടിച്ചിട്ടു കാര്യമില്ല. നിയമങ്ങളുടെ ഒപ്പമായിരിക്കണം സഞ്ചാരം. സഞ്ചാരികൾ മുൻകാലങ്ങളിൽ പായ്ക്കപ്പലിൽ യാത്ര ചെയ്തിരുന്നത് കാറ്റിന്റെ ദിശയ്ക്കനുസരിച്ചായിരുന്നു. കാറ്റിനോടു മല്ലുപിടിച്ചിട്ടു കാര്യമില്ലല്ലോ. കാറ്റ് പ്രതികൂലമെന്നു തോന്നിയാൽ കപ്പലിലെ പായ മടക്കിക്കെട്ടിവയ്ക്കുകയേ നിവൃത്തിയുള്ളു. നിയമം അനുകൂലമല്ലാത്ത ഇടങ്ങളിലേക്കു പോകാതിരിക്കുകയെന്നതാണ് പ്രായോഗികം.
• യാത്രകളിലെ സൂക്ഷ്മത
കൃത്യമായ ഹോം വർക്കിനുശേഷമാണ് ഓരോ യാത്രയും. ഒന്നാമത് ചരിത്രബോധം ഉണ്ടാവണം. സഞ്ചാരം ചരിത്രവും ജീവിതവും ഉൾപ്പെട്ട കാലഘട്ടത്തിന്റെ ഡോക്യുമെന്റേഷനാണ്. ഒരു ടൂറിസ്റ്റ് ബർലിൻ പോകുന്ന കാഴ്ചപ്പാടില്ലല്ല ഞാൻ പോകുക. എന്റെ മനസിലുണ്ടാവുക രണ്ടാം ലോകമഹായുദ്ധത്തിലെ ബെർലിനാണ്. രണ്ടാം മഹായുദ്ധത്തിന്റെ പ്രഭവകേന്ദ്രം. ഹിറ്റ്ലർ ഭരിച്ചതും ആത്മഹത്യ ചെയ്തതും അവിടെയാണ്. യുദ്ധത്തിനുശേഷം രണ്ടു ജർമനികളെയും പകുത്തു മതിലുണ്ടായത് അവിടെയാണ്. 1989ൽ ആ മതിൽ പൊളിക്കപ്പെടുകയും ചെയ്തു.
ഹിറ്റ്ലറെക്കുറിച്ചുള്ള അൻപതു സിനിമകളെങ്കിലും ഞാൻ കണ്ടിട്ടുണ്ട്. അതിൽ ഡൗണ്ഫാൾ എന്നി സിനിമ ഹിറ്റ്ലറുടെ അവസാന നാളുകളുടെ കഥയാണ്. യുദ്ധം പരാജയപ്പെട്ട് ആത്മഹത്യ ചെയ്യുന്നതു വരെയുള്ള കഥ.
ലക്ഷക്കണക്കിന് മനുഷ്യരെ ഹിറ്റ്ലർ കൂട്ടക്കൊലചെയ്ത കോണ്സൻട്രേഷൻ ക്യാന്പുകൾ വികാരഭരിതനായി കാണമെങ്കിൽ ചരിത്രം അറിഞ്ഞാലേ സാധിക്കൂ. കോണ്സൻട്രേഷൻ ക്യാന്പുകളെന്നാൽ ജയിൽ എന്നാണ് പലരും ധരിക്കുക. സാധാരണ ജയിലിൽ ശിക്ഷാകാലാവധി കഴിയുന്ന ഏതൊരാൾക്കും മടങ്ങിപ്പോരാം. വധശിക്ഷ വിധിക്കപ്പെട്ടയാൾക്കുപോലും മനുഷ്യാവകാശപരമായ പരിഗണന ലഭിച്ചേക്കാം. എന്നാൽ കോണ്സൻട്രേഷൻ ക്യാന്പുകളിൽ അറുപതു ലക്ഷം യഹൂദരെയും 20 ലക്ഷം മറ്റാളുകളെയും ചാന്പലാക്കിയിട്ടുണ്ട്. ഫാക്ടറിയിലേക്ക് അസംസ്കൃത വസ്തുക്കൾ കൊണ്ടുവരുന്നതുപോലെ, കൊല്ലപ്പെടാനുള്ള ഇരകളായാണ് ട്രെയിനുകളിൽ ഇവരെ കുത്തിനിറച്ച് എത്തിച്ചിരുന്നത്.
ആദ്യം തന്നെ ഇരകളെ തരംതിരിക്കും. കുട്ടികളെയും വൃദ്ധരെയും കുളിച്ച് വസ്ത്രം മാറ്റാനെന്നു ധരിപ്പിച്ച് അപ്പോൾതന്നെ ഗ്യാസ് ചേംബറിലെത്തിച്ച് വധിക്കും. രോഗികളെയും ചാന്പലാക്കും. ഇക്കൂട്ടത്തിലെ ആരോഗ്യമുള്ള പുരുഷൻമാരുടെയും സ്ത്രീകളുടെയും ജോലിയാണ് ഉറ്റവരെ ചാന്പലാക്കുക, ചാരം വാരുക തുടങ്ങിയവയൊക്കെ. യുദ്ധസാമഗ്രികളുടെ നിർമാണത്തിലും ഇവരെ ഉപയോഗിച്ചിരുന്നു.
ആരോഗ്യം കുറഞ്ഞാലുടൻ ഇവരെയും ചാന്പലാക്കും. നൽകുന്ന ഭക്ഷണമാകട്ടെ രണ്ടു നേരം വീതം അൽപ്പം സൂപ്പും ഒരു കഷണം റൊട്ടിയും.
ക്രൂരതയുടെ ശേഷിപ്പുകൾ കാണുക മാത്രമല്ല, നീറുന്ന അനുഭവങ്ങളെ ഉൾക്കൊണ്ടാണ് യാത്ര. ഓരോ കാഴ്ചയും ഒപ്പിയെടുക്കുന്പോഴാണ് വിഷ്വലുകൾക്കും ഷോട്ടുകൾക്കും ശക്തിയുണ്ടാവുക. ഒരു ഇരുന്പഴി കാണുന്പോൾ നാളെ വരേയേ ജീവിതമുള്ളുവെന്ന തിരിച്ചറിവിൽ അതിൽ പിടിച്ച് ഹൃദയം നുറുങ്ങി നിന്നവരുടെ വികാരം മനസിലേക്ക് വരണം. ഒപ്പമെത്തപ്പെട്ട ഭാര്യയും മക്കളും ജീവനോടെയുണ്ടോ എന്ന് അയാൾക്കറിയില്ല. ഈ വൈകാരികതയിൽ വേണം ഓരോ ഇരുന്പഴിയെയും കാമറ കാണാൻ.
റെജി ജോസഫ്
അഭിമുഖത്തിന്റെ രണ്ടാം ഭാഗം അടുത്ത ആഴ്ച