പത്തുവർഷങ്ങൾക്കിപ്പുറം കലയുടെ ലോകഭൂപടത്തിലേക്കു കൊച്ചിയെയും കേരളത്തെയും എത്തിച്ച കാഴ്ചവിസ്മയമാകാൻ കൊച്ചി ബിനാലെയ്ക്കായി. കോവിഡ് മാന്ദ്യത്തിന്റെ ഇടവേളയ്ക്കുശേഷം ചിത്ര, ശില്പ, ആശയ ധാരകളുടെ ഉത്സവമൊരുക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാമത് എഡിഷന് നാളെ പശ്ചിമ കൊച്ചിയിൽ കൊടിയേറുകയാണ്.
‘നിങ്ങളൊരു എഴുത്തുകാരനാണെങ്കിൽ അതിന്റെയൊരു പ്രൊസസ് ഓഫ് റീച്ചിംഗ് ഒൗട്ട് മച്ച് മോർ ഈസിയറാണ്. പക്ഷേ ആർട്ട് ആണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ നിന്നിറങ്ങി അത് കാണാൻ പോകുന്ന ഒരു ശീലമുണ്ടാകണം. അത് ഇന്ത്യൻ ഓഡിയൻസിനിടയിൽ ഇല്ലാത്ത കാര്യമാണ്. കൾച്ചറലി നമ്മൾ മ്യൂസിയത്തിലേക്ക് പോകുന്നവരോ ഗാലറികളിലേക്ക് പോകുന്നവരോ അല്ല. അത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗവുമല്ല’.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) സ്ഥാപക ഭാരവാഹികളിലൊരാളും കലാകാരനുമായ റിയാസ് കോമുവിന്റെ വാക്കുകളിൽ, സാഹിത്യം, സിനിമ, നാടകം തുടങ്ങിയ കലകൾക്കുള്ള വലിയ ആസ്വാദക സമൂഹം ലളിതകലകൾക്ക് ഉണ്ടായിരുന്നില്ലെന്ന കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷമാണു ഓർമപ്പെടുത്തുന്നത്. അത്തരമൊരു അന്തരീക്ഷത്തിൽ പരുവപ്പെട്ട നമ്മുടെ കലാഭൂമികയിലേക്കു വേറിട്ടൊരു വിപ്ലവമെന്നോണം ഒരു പതിറ്റാണ്ടു മുന്പാണ് കൊച്ചി മുസിരീസ് ബിനാലെ ചുവടുവച്ചെത്തിയത്.
പത്തുവർഷങ്ങൾക്കിപ്പുറം കലയുടെ ലോകഭൂപടത്തിലേക്കു കൊച്ചിയെയും കേരളത്തെയും എത്തിച്ച കാഴ്ചവിസ്മയമാകാൻ കൊച്ചി ബിനാലെയ്ക്കായി. കോവിഡ് മാന്ദ്യത്തിന്റെ ഇടവേളയ്ക്കുശേഷം ചിത്ര, ശില്പ, ആശയ ധാരകളുടെ ഉത്സവമൊരുക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാമത് എഡിഷന് നാളെ പശ്ചിമ കൊച്ചിയിൽ കൊടിയേറുകയാണ്. സമീപവർഷങ്ങൾക്കുള്ളിൽ കലാലോകത്തുണ്ടായ ചലനങ്ങളുടെയെല്ലാം പ്രതിഫലനം കൊച്ചി ബിനാലെയിൽ ആസ്വദിക്കാനാകും.
എന്തുകൊണ്ട് ബിനാലെ
ഫ്രഞ്ച് -അമേരിക്കൻ ചിത്രകാരനാണു മാർസൽ ഡുഷാംപ് (Marcel Duchamp). അദ്ദേഹത്തിന്റെ 1917 ലെ ജലധാര (Fountain) എന്ന കലാസൃഷ്ടി പ്രതിഷ്ഠാപനം (Installa- tion Arts) എന്ന നൂതന കലാസങ്കേതത്തിന്റെ ആവിർഭാവത്തിന് കാരണമായി. റെഡിമെയ്ഡ് എന്ന അർഥത്തിൽ ഡുഷാംപ് തുടങ്ങിവച്ച കലാശൈലിയുടെ വികസിതരൂപമാണ് ബിനാലെ വേദികളിൽ ശ്രദ്ധേയമായ ഇൻസ്റ്റലേഷൻ ആർട്ട് അഥവാ പ്രതിഷ്ഠാപന കല.
ചിത്ര, ശില്പ സൃഷ്ടികളുടെ കേവലമായ പ്രദർശന ഇടം എന്ന സാമന്യമായ കലാവിഷ്കാര സങ്കല്പത്തിന് ഒരു തിരുത്താണു ബിനാലെ. തൊണ്ണൂറുകൾക്കു ശേഷം ഭാരതത്തിൽ രൂപപ്പെട്ടുവന്ന ആധുനികാനന്തര കലാസംസ്കാരത്തിന്റെ പ്രയോഗമാതൃകയും സമകാലിക കലയുടെ ആവിഷ്കാര സാധ്യതയുമാണ് ബിനാലെ വേദികളിൽ അടയാളപ്പെടുത്തുന്നത്.
ലോകകലയിൽ സംഭവിക്കുന്ന മാറ്റങ്ങളെ നേരിൽ കാണുന്നതിനും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനുമുള്ള അവസരം കലാരംഗത്തുള്ളവർക്കും ആസ്വാദകർക്കും ഒരുക്കിക്കൊടുത്തതും ബിനാലെയിലേക്കു സവിശേഷ ശ്രദ്ധയെ ക്ഷണിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും കാണികളുമെല്ലാം ചേർന്ന് ആഘോഷമാക്കുകയാണ് ആസന്നമായ ബിനാലെക്കാലം.
2012 ൽ തുടക്കം
2012 ഡിസംബർ 12 മുതൽ 2013 മാർച്ച് 13 വരെയാണു പ്രഥമ കൊച്ചി-മുസിരിസ് ബിനാലെ അരങ്ങേറിയത്. കേരളത്തിന്റെ തനതു സംസ്കാരത്തിന് പ്രാധാന്യം നൽകിയ ആദ്യ ബിനാലെയിൽ റിയാസ് കോമു, ബോസ് കൃഷ്ണമാചാരി എന്നിവർ ക്യൂറേറ്റർമാരായിരുന്നു. പങ്കെടുത്ത 88 കലാപ്രവർത്തകരിൽ 22 കേരളീയർ ഉൾപ്പെടെ 44 പേർ ഇന്ത്യക്കാരായിരുന്നു.
രണ്ടാം ബിനാലെയിൽ 93 കലാപ്രവർത്തകർ പങ്കെടുത്തു. ജിതേഷ് കല്ലാട്ട് ആയിരുന്നു ക്യൂറേറ്റർ. 14 ’ഫോമിംഗ് ഇൻ ദ പീപ്പിൾ ഓഫ് ഏൻ ഐ’ എന്ന തലക്കെട്ടിൽ സുദർശൻ ഷെട്ടി ക്യൂറേറ്ററായി 2016 ഡിസംബർ 12 മുതൽ ആരംഭിച്ച മൂന്നാം പതിപ്പിൽ 98 ആർട്ടിസ്റ്റുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പങ്കെടുത്തു.
ഒടുവിൽ ബിനാലെ അരങ്ങേറിയ 2018 ൽ 371 ആർട്ടിസ്റ്റുകൾ തങ്ങളുടെ കലാവിഷ്കാരങ്ങൾ അവതരിപ്പിച്ചു. രണ്ടു വർഷത്തിലൊരിക്കലാണ് ബിനാലെ നടന്നുവന്നതെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇടവേള മുന്നോട്ടുപോയി.
മഷിയും തീയും
‘ഞങ്ങളുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും’ (IN OUR VEINS FLOW INK AND FIRE)എന്നതാണ് 2022 ഡിസംബർ 12ന് ആരംഭിക്കുന്ന ബിനാലെ അഞ്ചാം പതിപ്പിന്റെ പ്രമേയം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊണ്ണൂറോളം കലാകാരന്മാരുടെ തനതു സൃഷ്ടികളാണ് ബിനാലെയിൽ ഉണ്ടാവുക.
പതിനാല് വേദികളിലായി നടക്കുന്ന ബിനാലെയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിന് കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. നാലു മാസമാണ് ഇക്കുറി ബിനാലെക്കാലം. വിദേശീയരും സ്വദേശീയരുമടക്കം ആയിരക്കണക്കിനാളുകളാണ് കൊച്ചി ബിനാലയിൽ സന്ദർശകരായി എത്താറുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായ സാഹചര്യത്തിൽ ഇത്തവണ കൂടുതൽ കലാസ്വാദകർ കൊച്ചി കായലോരത്തേക്ക് ഒഴുകിയെത്തും. 2023 ഏപ്രിൽ 10നാണു സമാപനം.
ആറു ലക്ഷത്തിലധികം പേരാണ് ബിനാലെയുടെ നാലാം പതിപ്പ് ആസ്വദിച്ചതെങ്കിൽ ഇത്തവണ അതിലേറെപ്പേർ നഗരത്തിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിൽ വേരുകളുള്ള സിംഗപ്പൂർ സ്വദേശിനി കലാകാരിയും എഴുത്തുകാരിയുമായ ഷുഭിഗി റാവുവാണ് ഇത്തവണത്തെ ബിനാലെയുടെ ക്യൂറേറ്റർ. ഇവർ ഒരുക്കിയ മൾട്ടി ഡിസിപ്ലിനറി പ്രോജക്റ്റുകളും ഇൻസ്റ്റലേഷനുകളും പ്രസിദ്ധമാണ്.
ഫോർട്ടുകൊച്ചിയിലുള്ള ആസ്പിൻവാളാണ് കൊച്ചി മുസിരിസ് ബിനാലെയുടെ പ്രധാന വേദി. കബ്രാൽ യാർഡ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ് എന്നീ വേദികളിലാണ് ബിനാലെയുടെ ഇൻസ്റ്റലേഷനുകൾ സജ്ജമാക്കുന്നത്. സ്റ്റുഡന്റ്സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രൻ തുടങ്ങിയ പരിപാടികളും വിവിധ സാംസ്കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.
കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാമത് എഡിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകുന്നേരം ആറിന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് ഉദ്ഘാടനം ചെയ്യുന്നത്.
വിസ്മയലോകം
കൊച്ചി മുസിരിസ് ബിനാലെയുടെ മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസ് വളപ്പിൽ ഇരുപതടിയിലേറെ ഉയരത്തിൽ തീർത്ത ’ഇംപ്രൊവൈസ്’ എന്നു പേരിട്ടിരിക്കുന്ന ഇൻസ്റ്റലേഷൻ ഇത്തവണത്തെ ശ്രദ്ധേയകാഴ്ചയാണ്. മുളയും കയറും കൈതോലയും പനന്പുംകൊണ്ട് അദ്ഭുതലോകം തീർത്തത് പ്രശസ്ത കലാകാരൻ അസിം വാഖ്വിഫാണ്.
മുളയിൽ തീർത്ത സംഗീതോപകരണങ്ങളും പ്രകാശം വിന്യസിക്കുന്ന സാമഗ്രികകളും തൊട്ട് പ്രതിഷ്ഠാപനത്തിന്റെ ഇടനാഴിയിൽ ചാരിയിരുന്നാടാനാകുന്ന ഉൗഞ്ഞാൽ വരെയുണ്ട്.
നിസാരമെന്നു കരുതി തള്ളിക്കളയാറുള്ള മുളയും മറ്റുമൊക്കെ എങ്ങനെ കലാപരമായ ആവിഷ്കാരത്തിന് ഉപയോഗിക്കാമെന്ന ചിന്തയാണ് ഇൻസ്റ്റലേഷനിലേക്കു നയിച്ചതെന്നു അസിം വാഖ്വിഫ് പറഞ്ഞു. സമകാലിക കലയുമായി സാധാരണക്കാരെ അടുപ്പിക്കാനാണ് തന്റ് ആത്മാർഥമായ ശ്രമമെന്നും ഇദ്ദേഹം പറയുന്നു.
പ്രതിഷ്ഠാപന കലാകാരൻ എന്നതിനു പുറമെ ശിൽപ്പിയായും അറിയപ്പെടുന്ന 44കാരനായ അസിം ആർക്കിടെക്ച്ചർ ബിരുദധാരിയാണ്. പരിസ്ഥിതി, നരവംശ ശാസ്ത്രം, ടിവി - സിനിമ കലാസംവിധാനം എന്നിവയിലും തത്പരനായ ഇദ്ദേഹത്തിന്റെ നിരവധി കലാപ്രദർശനങ്ങൾ ഇന്ത്യയിലും വിദേശത്തും ശ്രദ്ധ നേടിയിട്ടുണ്ട്. ഹൈദരാബാദിൽ ജനിച്ച് അസിം വാഖ്വിഫ് ഇപ്പോൾ ഡൽഹിയിലാണു താമസം.
ബിനാലെ കാണാൻ
ബിനാലെ ടിക്കറ്റുകൾ പ്രദർശനസ്ഥലങ്ങളിലെ കൗണ്ടറുകൾക്കു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. വിദ്യാർഥികൾക്കും മുതിർന്നവർക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. 150 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്ക് 50 രൂപയ്ക്കും മുതിർന്ന പൗരൻമാർക്ക് 100 രൂപയ്ക്കും ടിക്കറ്റ് ലഭിക്കും. ഒരാഴ്ചത്തെ ടിക്കറ്റിനു 1000 രൂപയാണ് നിരക്ക്. മാസ നിരക്ക് 4000 രൂപ.
സിജോ പൈനാടത്ത്