ഓർമയൊരു വസന്തം
അനന്തപത്മനാഭൻ
Saturday, August 30, 2025 8:49 PM IST
ചിങ്ങക്കൊയ്ത്തു കഴിഞ്ഞുവരുന്ന സമയത്താവും ഞങ്ങൾ എത്തുക. മുറ്റം മുഴുവൻ, തറവാട് മുഴുവൻ കച്ചിയാവും. തെങ്ങുകൾ "തുറുപ്പാവാട’ വാരിച്ചുറ്റിയിരിക്കും...മുതുകുളം, ചിറ്റൂർ, തിരുവനന്തപുരം... മൂന്നിടങ്ങളിലെ വ്യത്യസ്തങ്ങളായ ഓണക്കാലങ്ങൾ നാലാമതൊരിടത്തിരുന്ന് ഓർക്കുകയാണ് സംവിധായകൻ പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭൻ.
ഒന്നല്ല, മൂന്നുതരം ഓണങ്ങളാണ് എനിക്കു ലഭിച്ചിരുന്നത്. പ്രധാനം അച്ഛന്റെ ജന്മസ്ഥലമായ മുതുകുളത്ത്. കൃത്യം ഓണാട്ടുകര ഓണം. ഇടയ്ക്ക് വല്ലപ്പോഴുമൊക്കെ തിരുവനന്തപുരത്തെ ഓണം. മൂന്നാമത്തേത് പാലക്കാടൻ ഓണം. അതായത് അമ്മയുടെ തറവാടായ ചിറ്റൂരിലേത്.
ഇതുമൂന്നും വളരെ വ്യതിരിക്തമായിട്ടുള്ള മൂന്ന് ഓണങ്ങളാണ്.ഏറ്റവും കൂടുതൽ ചടങ്ങുകൾ പാലക്കാടൻ ഓണത്തിനുതന്നെയാണ്. അത്തത്തിനുമുന്നേ, ഒരുമാസം മുമ്പുതന്നെ അവിടെയെല്ലാം പൂവിട്ടുതുടങ്ങും. അരിമാവുകൊണ്ട് കളംവരച്ചാണ് പൂവിടൽ. അഗ്രഹാരങ്ങളോടുചേർന്നുകിടക്കുന്ന വീടായതിനാലാവാം.
ഞങ്ങളുടെ വീട്ടിൽ എന്നും അരിമാവിന്റെ കളമുണ്ടായിരുന്നു. മുത്തശിമാരാണ് അത് ചെയ്യുക. അതിന്റെ കൂടെ "മാതേവര് വയ്ക്കുക’ എന്ന ചടങ്ങുമുണ്ട്. മാതോര് എന്നാണ് പറയുക. ചെമ്മണ്ണു കുഴച്ച് അതിൽ ഈർക്കിലും പൂവുകളും മറ്റുംവച്ചാണ് മാതോര് വയ്ക്കുക.
മാതേവരെ ഉണ്ടാക്കൽതന്നെ ഒരു കലയാണ്. ഇപ്പോഴത് തടിയിലും മറ്റും നിർമിച്ചുതുടങ്ങി. പൂരാടം, ഉത്രാടം ദിവസങ്ങളിൽ ധാരാളം ചടങ്ങുകളുണ്ട്. മണികിലുക്കി നാടുചുറ്റുന്ന നഞ്ചുണ്ടന്മാർ എന്നു വിളിക്കുന്ന സംഘത്തിന്റെ വരവാണ് കൗതുകമുള്ള ഓർമ. നാവോറുപാടുന്നതുപോലെ "വാഴ്ക വാഴ്ക' എന്ന പാട്ടൊക്കെ പാടും.
പതിയെ അവരുടെ വരവു നിലച്ചു. രണ്ടുപതിറ്റാണ്ടുമുന്പ് ടെലിവിഷൻ ചാനലിൽ ജോലിചെയ്തിരുന്ന കാലത്ത് ചിറ്റൂരിൽ അവരെ അന്വേഷിച്ചുപോയെങ്കിലും ആരെയും കാണാനായില്ല. പിന്നീടൊരിക്കൽ തത്തമംഗലത്തു പോയപ്പോൾ ഏതാനുംപേരെ കണ്ടെത്തിപ്പിടിച്ചു. അവർ ആ പാട്ടൊക്കെ പാടുന്നത് അന്നു ചിത്രീകരിക്കാൻ സാധിച്ചു.
അവരിപ്പോൾ ഉൾനാട്ടിലെങ്ങാനും ഉണ്ടായിരിക്കാം. അനുഷ്ഠാനപരമായിരുന്ന പണ്ടെത്തെ ഗോത്രരീതി ഇന്നില്ല എന്നാണ് മനസിലാകുന്നത്. അവിട്ടം ദിവസമാണെന്ന് തോന്നുന്നു, അവിടെ ഓണക്കളി എന്നൊന്നുണ്ട്. പ്രത്യേകിച്ചുപറയട്ടെ, തിരുവാതിരക്കളിയല്ലത്. ചുവടുകൾ ഏകദേശം ഒന്നുതന്നെയാണ്. അതേ വസ്ത്രധാരണവും.
പക്ഷേ ഓണക്കളി തിരുവാതിരയേക്കാളും കുറച്ചുകൂടി ആയാസകരമാണ്. അടുത്തയിടെ ഓണക്കളി പാട്ടുകൾ എന്നൊരു പുസ്തകം എന്റെ അമ്മ ഓർമയിൽനിന്നും, മുത്തശിമാർ എഴുതിവച്ച പുസ്തകങ്ങളിൽനിന്നും തെരഞ്ഞെടുത്തു പ്രസിദ്ധീകരിച്ചിരുന്നു.
ഞങ്ങളുടെ ബന്ധുവീടുകൂടിയായ പുറയത്ത് തറവാട്ടിൽ (പ്രശസ്ത ഗായിക അന്തരിച്ച പി. ലീലയുടെ തറവാടുകൂടിയാണത്) നടുമുറ്റത്ത് അവിട്ടം ദിനത്തിലാണ് ഓണക്കളി കളിക്കുക. സ്ത്രീകൾക്ക് തിരുവാതിരപോലെ വളരെ പ്രധാനമായ വെറ്റിലമുറുക്കൽപോലുള്ള ചടങ്ങുകൾ ഇതിലും അനുഷ്ഠിച്ചിരുന്നു.
തിരക്കുകളൊഴിഞ്ഞ് അവരൊന്നു "റിലാക്സ്'ചെയ്യുന്ന ദിവസമാണത്. അതും ഞാൻ അതേസ്ഥലത്ത് പിന്നീടു ചിത്രീകരിച്ചിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നുമില്ല. പുറയത്തെവീട്ടിലൊന്നും ആരുമില്ല. പല വീടുകളും അടഞ്ഞുപോയി. ഞങ്ങടെയൊക്കെ തറവാട് അപ്പാടെ പോയി.
"തീക്കടൽകടഞ്ഞ് തിരുമധുരം’ എന്ന നോവലിൽ സി. രാധാകൃഷ്ണൻ പറയുന്ന എഴുവത്തു തറവാടാണ് ഞങ്ങളുടെ തറവാട്. ഞങ്ങളുടെ ഒരു കാരണവർ, "കോപ്പമ്മാമ’ എന്ന് ഞങ്ങൾ വിളിച്ചിരുന്ന എഴുവത്ത് ഗോപാലമേനോനാണ് എഴുത്തച്ഛന് അഭയംനൽകുന്നത്.
ഞങ്ങളുടെ പടിപ്പുരയിൽ അദ്ദേഹം കുറച്ചുകാലം ജീവിച്ചിട്ടുണ്ടെന്ന് നോവലിലുണ്ട്, പറഞ്ഞും കേട്ടിട്ടുണ്ട്. ഇപ്പോൾ ആ വീടുകൾ ഒന്നുമില്ല. ചില ബന്ധുവീടുകളിൽ ഇപ്പോഴും ഓണക്കളിപ്പാട്ടുകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെന്നുമാത്രം. ഏറെക്കാലത്തിനുശേഷം വീണ്ടും ഒന്നുരണ്ടുതവണ ഓണത്തിന് ഞാൻ പാലക്കാട് പോയി.
ഭാര്യയുടെ സ്വദേശം തത്തമംഗലമാണ്. ഓണക്കളിപ്പാട്ടൊക്കെ അവിടെയും നടക്കുന്നുണ്ട്. ഓണക്കളി കിഴക്കൻ പാലക്കാട് മേഖലയിൽമാത്രം നടക്കുന്ന ഒന്നാണോയെന്നു സംശയമുണ്ട്. കാരണം വള്ളുവനാട് ഭാഗത്തൊക്കെ തിരുവാതിരക്കളിയാണ്. ഓണക്കളി മധ്യകേരളത്തിൽ പാലക്കാട്, തൃശൂർ ഭാഗത്തു മാത്രമുള്ള ഒന്നായിട്ടാണ് തോന്നുന്നത്.
ഓണാട്ടുകര ഓണം
വളരെ വ്യത്യസ്തമാണ് ഞങ്ങളുടെ ഓണാട്ടുകര ഓണം. പത്തു ദിവസവും ആഘോഷമാണ്. തെച്ചിയും മുക്കുറ്റിയും കാക്കപ്പൂവും കൊണ്ട് മുതുകുളത്തെ അയ്യങ്ങൾ നിറയും. ആരും ശ്രദ്ധിക്കാതെകിടക്കുന്ന താന്തോന്നിപ്പൂവുകൾ!മിക്കവാറും ചിങ്ങക്കൊയ്ത്തു കഴിഞ്ഞുവരുന്ന സമയത്താവും ഞങ്ങൾ എത്തുക. മുറ്റം മുഴുവൻ, തറവാട് മുഴുവൻ കച്ചിയാവും.
തെങ്ങുകൾ "തുറുപ്പാവാട’ (വൈയ്ക്കോൽത്തുറു) വാരിച്ചുറ്റിയിരിക്കും. തകൃതിയായ കൊയ്ത്ത് അതിരാവിലെ പോയി നോക്കിനിന്ന ഓണക്കാലങ്ങളുമുണ്ട്. അടുക്കളപ്പുരയിൽ വറ്റൽ, അച്ചപ്പം തുടങ്ങിയ വറവുകളുടെ തകൃതിയാകും. പൂരാടംനാൾ വീടും പറമ്പും മുഴുവൻ വൃത്തിയാക്കും. കച്ചിക്കൂമ്പാരങ്ങളും പുതപ്പുകളും അപ്രത്യക്ഷമാവും.
"പിള്ളേരോണം’ എന്നുപറയുന്ന ഒന്നുണ്ട് അന്ന്. അതിനാണ് ഞങ്ങളുടെ അമ്പലംകെട്ടിക്കളി. ചതയം ദിവസം അമ്പലംകെട്ടി പിള്ളേരൊക്കെത്തന്നെയാണ് പൂജ കഴിക്കുന്നത്. തെച്ചിപ്പൂവും മന്ദാരവും തുളസിയും എല്ലാം കൃത്യമായി, അനുഷ്ഠാനപരമായി വലിയ പൂക്കളമിടും. അവിട്ടം ദിവസം രാത്രി വെടിക്കെട്ട്. മുതിർന്നവരിൽനിന്നു കിട്ടിയ പൈസ കൂട്ടിവച്ച് പടക്കംവാങ്ങും.
കുട്ടികളെല്ലാം ചേർന്നു പായസവുംവയ്ക്കും. പിള്ളേരോണത്തിന്റെ അവസാനമാണ് പടക്കം പൊട്ടിക്കൽ. അതുകഴിയുമ്പോൾ ഒരു വിഷമമാണ്. ആഘോഷം കഴിയുമല്ലോ എന്ന വിഷമം. അവിടെയുള്ള മറ്റൊരു പ്രധാന "സംഭവം' കടുവകളിയാണ്. പുലിക്കളിയല്ല കടുവകളി. സായിപ്പും കടുവയും എന്നാണ് പറയുക. കടുവയെ പിടിക്കാൻ പോലീസുവരുന്നതും അതിങ്ങനെ മാറി മാറി പോകുന്നതുമാണ് കളി.
ഏകദേശം പുലിക്കളിയുടെ അതേ ചലനങ്ങൾതന്ന. സായിപ്പ് തലയിൽ ഒരു തൊപ്പിയും ഒരു കൂളിംഗ് ഗ്ലാസും വച്ചിട്ടുണ്ടാവും. കൈയിലൊരു മടലുണ്ടാവും, അതാണ് തോക്ക്. താളത്തിൽ കടുവയും സായിപ്പും ചുവടുവച്ചുപോയി ഒരു ഭാഗത്തെത്തുമ്പോൾ സായിപ്പ് വെടിവയ്ക്കും. ആ സമയത്ത് ഒരു പടക്കം പൊട്ടിക്കും, അതോടെ കടുവ വീഴും. തുടർന്ന് കടുവയ്ക്ക് ദക്ഷിണ കൊടുക്കും.
ഹരിപ്പാട്ടെ സിനിമകൾ
മുതിർന്നവരിൽനിന്ന് പൈസയൊക്കെ "പിരിച്ച്' എല്ലാവരുംകൂടെ ഹരിപ്പാടുവരെപ്പോയി സിനിമ കാണും. മുതുകുളത്ത് തിയറ്റർ ഉണ്ടെങ്കിലും പുതിയ പടങ്ങൾ കാണണമെങ്കിൽ ഹരിപ്പാട്ടുതന്നെ പോകണം. മുതുകുളം ഗോപാലകൃഷ്ണ ടാക്കീസാണ് പ്രധാനം.
അതിൽ മണലിലിരുന്ന് സമ്പൂർണ രാമായണമൊക്കെ കണ്ടത് ഓർമയുണ്ട്. അതുപോലെ രാമപുരം സുനിത തിയറ്ററിൽ കണ്ട ചെമ്മീൻ. ഹൗസ്ഫുൾ! സിനിമയിറങ്ങി കാൽനൂറ്റാണ്ടിനുശേഷമാണ് നിറഞ്ഞ സദസ്!! സത്യനും കൊട്ടാരക്കരയും എസ്.പി. പിള്ളയുമടക്കം അതിലെ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു.
അപ്പോൾപോലും ആവേശത്തോടെയാണ് ആളുകൾ സിനിമകണ്ടിരുന്നത്. ഓണത്തിന് എല്ലാവരും ഒന്നിച്ചിരുന്നു സിനിമ കാണുന്നതിന്റെ ആവേശം. ഹരിപ്പാട്ട് എസ്എൻ, സുരേഷ് എന്നീ രണ്ടു തിയറ്ററുകളാണ്. ഞങ്ങൾ സ്ഥിരം എട്ടുപത്ത് സൈക്കിളുകളിലായി ഡബിളും ട്രിപ്പിളുമടിച്ചൊക്കെയാണ് പോവുക. പെൺകുട്ടികളും ആൺകുട്ടികളുമൊക്കെച്ചേർന്ന് ഒരു വലിയ സംഘം.
കൂട്ടത്തിൽ മുതിർന്ന ഏതെങ്കിലും ചേട്ടന്മാരായിരിക്കും വഴികാട്ടി. (ഹരിപ്പാട് എസ്എനും സുരേഷുമൊക്കെ വലിയ മൾട്ടിപ്ലക്സുകളായി. പിന്നീടൊരിക്കൽ ഓണത്തിന് ഈ തിയറ്ററുകളിൽ പോയപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു). മാറ്റിനികണ്ടു സന്ധ്യയോടെ തിരിച്ചെത്തിയാൽ ഊഞ്ഞാലാട്ടമായി. പറന്പിൽ തെക്കുഭാഗത്തുള്ള പുളിയുടെ കൊമ്പിലാണ് ഊഞ്ഞാൽ. അങ്ങോട്ടുമിങ്ങോട്ടും കെട്ടുന്ന അഞ്ഞലൂഞ്ഞാൽ.
ഊഞ്ഞാലിൽ കയറിനിന്ന് മുകളിലോട്ടുപോയി കാലുകൊണ്ട് മരത്തിന്റെ ചില്ലയിൽ തൊടുന്ന "ജില്ലാട്ടം പറക്കൽ' അന്ന് കാര്യമായ കളിയാണ്. അച്ഛന്റെ ജീവിച്ചിരിക്കുന്ന ഏക സഹോദരൻ പത്മധരനും അന്ന് ഞങ്ങൾ കുട്ടികളുടെ കൂടെച്ചേരും. ശരിക്കും വസന്തമെന്നുതന്നെ പറയാവുന്ന ഓണക്കാലങ്ങളാണ് ഓർമയിൽ.
പാട്ടും പൂക്കളും
അതേസമയം തിരുവനന്തപുരത്ത് ഓണത്തിന് ഞങ്ങൾ ഒന്നുംചെയ്യേണ്ട. പുറത്തിറങ്ങി സംഗതികളെല്ലാം കാണാൻ പോയാൽ മതി. എന്നും വൈകീട്ട് പാട്ടുപരിപാടികൾ. പൂജപ്പുരതന്നെ കഴിഞ്ഞ 25 വർഷമായി ഒരു സ്റ്റേജ് ഉണ്ട്. കനകക്കുന്ന് കൊട്ടാരം, സെനറ്റ് ഹാൾ, വിജെടി ഹാൾ.. എല്ലായിടത്തും ഓണപ്പരിപാടികൾ.
പൂജപ്പുരയിൽ ഓണക്കാലത്ത് ചിത്ര ചേച്ചിയുടെയും ജയചന്ദ്രൻ ചേട്ടന്റെയുമെല്ലാം ഗാനമേള. പുഷ്പപ്രദർശനവും ഗാനമേളകളും കാണാൻ വലിയ ജനക്കൂട്ടമാണ്. നഗരവീഥികൾ നിറഞ്ഞുകവിയുന്ന തിരക്ക്. ഇപ്പോൾ പഴയ പൊലിമയില്ലെന്നാണ് തോന്നിയിട്ടുള്ളത്. ഒരിക്കലും ഓണം ആ പഴയകാല പൊലിമയോടെ ഇനി കിട്ടാൻപോകുന്നില്ല. അമ്മൂമ്മയുടെ മരണത്തോടെ മുതുകുളത്തെ ഓണാഘോഷം കുറഞ്ഞുകുറഞ്ഞുവന്നു. ഒത്തുചേരൽ കുറഞ്ഞു.
അവിട്ടത്തിനോ ചതയത്തിനോ എല്ലാവരെയും കണ്ടിട്ടുപോകും. ഇപ്പോൾ മിക്കപ്പോഴും ഓണത്തിനു യാത്രകളാണ്. തിരുപ്പതിയിലോ ചെന്നൈയിലോ ഒക്കെയാവും ഓണം. ഇത്തവണയും കുടുംബസമേതം വയനാട്ടിലാവും. സത്യംപറഞ്ഞാൽ പഴയകാല ഓണാഘോഷങ്ങളുടെ മധുരസ്മരണ വേദനിപ്പിക്കാതിരിക്കാനാണ് യാത്രകളെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
അമ്മ ഉത്രാടദിവസം മിക്കവാറും പൂജപ്പുര മഹിളാമന്ദിരത്തിലായിരിക്കും. സ്കൂൾ, ബാലികാസദനം, അനാഥമന്ദിരം എന്നിവയെല്ലാമുള്ള പ്രസ്ഥാനത്തിന്റെ പ്രസിഡന്റാണ് അമ്മ. കോവിഡ് കാലത്ത് അവിടെയായിരുന്നു രണ്ടുവർഷം ഞങ്ങളും ഓണം ആഘോഷിച്ചത്.
പടം കണ്ടോടാ..
ഒരോണക്കാലത്തായിരുന്നു അച്ഛൻ കഥയെഴുതിയ ലോറി എന്ന സിനിമയുടെ റിലീസ്. അന്ന് മദ്രാസിൽനിന്നോ മറ്റോ ആണ് അച്ഛൻ ഓണത്തിനു വന്നിറങ്ങുന്നത്. അച്ഛന്റെ രണ്ടാമത്തെ സഹോദരിയുടെ മകൻ രാജേന്ദ്രൻ സൈക്കിളിൽ മുന്നിൽവന്നുപെട്ടു. അച്ഛൻ പെട്ടെന്ന് വണ്ടിനിർത്തി, പടം കണ്ടോടാ എന്നു ചോദിച്ചത് ഇന്നും കൺമുന്നിലുണ്ട്.
രാജേന്ദ്രൻ ചേട്ടൻ സിനിമ കണ്ടുവരികയായിരുന്നു!"നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ' ഇറങ്ങിയതും ഓണക്കാലത്താണ്. അതൊരു വലിയ വിജയമാണെന്ന് അറിയുന്നത് ഓണാട്ടുകരവച്ചാണ്. ഓണക്കാലത്തുതന്നെയാണ് "ഇതാ ഇവിടെ വരെ’ സൂപ്പർ ഹിറ്റ് ആവുന്നത്. 1977ലെ ഓണച്ചിത്രമായിരുന്നു. ഓണക്കാലത്ത് അച്ഛന്റെ ചിത്രങ്ങളുടെ റിലീസുകൾ വളരെ കുറവായിരുന്നു.
എന്നാൽ ഇറങ്ങിയതെല്ലാം പ്രേക്ഷകർ ഹൃദയപൂർവം സ്വീകരിച്ചു. ഓണത്തിന് എത്ര തിരക്കുണ്ടെങ്കിലും മിക്കവാറും അച്ഛൻ വീട്ടിലെത്താറുണ്ട്. ഒരു പാലക്കാടൻ ഓണത്തിന്റെ സമയത്തായിരുന്നു "കാണാമറയത്തി’ന്റെ വിജയാഘോഷം. അതിൽ പങ്കെടുത്തശേഷം വീട്ടിലേക്കോടിയെത്തിയതും ഓർമച്ചിത്രം.
അവിട്ടം നക്ഷത്രക്കാരിയായ ചെറിയമ്മൂമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷവും ഓണക്കാലത്തായിരുന്നു. അച്ഛന്റെ ക്ഷണമനുസരിച്ച് ഒരു വിശേഷപ്പെട്ട അതിഥിയെത്തി. തൃശൂരിൽനിന്ന് സുഹൃത്ത് ഉണ്ണി മേനോൻ. മിക്കവർക്കും പരിചിതനാകും അദ്ദേഹം.
"തൂവാനത്തുന്പികളി'ലെ ജയകൃഷ്ണന്റെ മൂലരൂപമാണ് ഉണ്ണി മേനോൻ. അച്ഛന്റെ പ്രിയപ്പെട്ടവരുടെ സന്ദേശങ്ങൾ ഓണനാളുകളുടെ സ്നേഹസുഗന്ധമാണ്. അടുത്തയിടെ വിടപറഞ്ഞ നിർമാതാവ് ഗാന്ധിമതി ബാലൻ, കറിയാച്ചൻ എന്നു വിളിക്കുന്ന പ്രേം പ്രകാശ് അങ്കിൾ, നടൻ ജയറാം, സംവിധായകൻ ജോഷി മാത്യു... ഇവരെല്ലാം വിളിക്കും. മറ്റൊരു ശിഷ്യൻ ബ്ലെസിയും സന്ദേശമയയ്ക്കും.
"ഉത്രാടപ്പൂനിലാവേ വാ..' എന്ന പാട്ട് വീണ്ടും മനസിൽ പാടിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ ബന്ധുവായ ശ്രീകുമാരൻ തന്പി സാറിന്റെ ഭാര്യാപിതാവ് വൈക്കം മണി ഞങ്ങളുടെ തൊട്ടടുത്താണ് താമസിച്ചിരുന്നത്. ശ്രീകുമാരൻ തന്പി- രവീന്ദ്രൻ ടീം ഒരുക്കിയ തരംഗിണിയുടെ സൂപ്പർ ഹിറ്റായ ഓണപ്പാട്ടു കാസറ്റ് ആദ്യം കേൾക്കുന്നത് മണിയപ്പൂപ്പന്റെ വീട്ടിൽവച്ചാണ്.
ആദ്യകേൾവിയിൽതന്നെ ഒരുപാടാകർഷിച്ച പാട്ടുകൾ. അന്ന് തന്പി സാർ അവിടെയുണ്ടായിരുന്നു. പാട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് ഞങ്ങളോടു ചോദിച്ചു. ഓണം ഓർമകൾക്ക് ആ പാട്ടുകേട്ട സുഖം.