ചരിത്രത്തിലേക്കു തുറക്കുന്ന കലാജാലകങ്ങൾ
ഇ. അനീഷ്
Sunday, September 21, 2025 5:28 AM IST
ആദ്യകാഴ്ചയിൽതന്നെ ആരുടെയും മനസിലേക്ക് കയറിക്കൂടുന്ന കലാസൃഷ്ടികൾ. അതിൽ ശില്പങ്ങളും ചിത്രങ്ങളുമുണ്ട്.. ഒപ്പം ചരിത്രത്തിന്റെ ജീവനായ അപൂർവ രേഖകളും. കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ മ്യൂസിയങ്ങളും ഓഡിയോ വിഷ്വൽ സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ കരവിരുതിനാൽ ആവിഷ്കരിക്കപ്പെട്ടുകഴിഞ്ഞു. ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ "ചരിത്രത്തിന്റെ ആൾട്ടറേഷ'നാണ് കോഴിക്കോട് പെരുവയലിലെ പി.കെ. രാമചന്ദ്രൻ നന്പ്യാർ എന്ന ഈ ദൃശ്യകലാകാരനിലൂടെ നടക്കുന്നത്. അദ്ദേഹത്തിന്റെ "ആർട്ട് ആൻഡ് ഡിസൈൻ' എന്ന സ്ഥാപനം കോഴിക്കോടിന് അഭിമാനമാണ്.
ചരിത്രരേഖകളിലൂടെ...
കടുത്തുരുത്തിയിൽ ക്നാനായരുടെ തലപ്പള്ളിയായ സെന്റ് മേരീസ് പള്ളിയിൽ "ആർച്ച്ബിഷപ് കുന്നശേരി മെമ്മോറിയൽ ക്നാനായ ഹെറിറ്റേജ് ഗാലറി’ എന്ന പേരിൽ ക്നാനായ സഭാചരിത്രം അവതരിപ്പിക്കുന്ന വിഷ്വൽ ഗാലറിയുടെ തിരക്കിലാണ് രാചന്ദ്രൻ നന്പ്യാരെ കാണുന്നത്. മൂന്നുവർഷമായി ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയിട്ട്. അധികമാർക്കും അറിയില്ലാത്ത, എന്നാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കു വഴിവച്ച ക്നാനായ ജനതയുടെ ചരിത്ര ഏടുകളിലൂടെയുള്ള യാത്ര അതിമനോഹരമായി ദൃശ്യങ്ങളിലൂടെ പറഞ്ഞുവയ്ക്കുകയാണ് ഇവിടെ. ക്നാനായർ കൊടുങ്ങല്ലൂരിൽ എത്തിയതും 1341ലെ വലിയ വെള്ളപ്പൊക്കം, 1524ലെ യുദ്ധം എന്നിവയിൽ വലിയ കെടുതികൾ അനുഭവിച്ചതും, ശേഷം കടുത്തുരുത്തി, ഉദയംപേരൂർ, തൊടുപുഴ, നീണ്ടൂർ, കല്ലിശ്ശേരി എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തതും ഇവിടെ കണ്ടറിയാം.
ഇവർ ഉപയോഗിച്ച വിവാഹവസ്ത്രങ്ങൾ, വ്യതിരിക്തമായ ആചാരങ്ങൾ, ചേരമാൻ പെരുമാൾ മഹാരാജാവ് ക്നാനായർക്ക് നൽകിയ എഴുപതിലേറെ പ്രത്യേകപദവികൾ, രാജാവിന് നാങ്കുടിപരിഷകൾ നൽകിയ വേന്തൻമുടി കിരീടത്തിന്റെ പകർപ്പ് തുടങ്ങിയവയെല്ലാം മ്യൂസിയത്തെ ഇനി വർണാഭമാക്കും. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ അനുഗ്രഹാശിസുകളോടെയാണ് പ്രവൃത്തികൾ അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നത്. ആഴ്ചകൾക്കുള്ളിൽ ഇത് ചരിത്രത്തിന്റെ നാഴികക്കല്ലായി പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും.
ചരിത്രാന്വേഷകനും ചിത്രകാരനും
ഇന്ന് സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന വിഷ്വൽ ആർട്ടിസ്റ്റാണ് പി.കെ. രാമചന്ദ്രൻ നമ്പ്യാർ. ഓരോ സൃഷ്ടിയും അത് ആവശ്യപ്പെടുന്ന സമയമെടുത്ത് മനസറിഞ്ഞു ചെയ്തുകൊടുക്കുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. ഓരോ രേഖയും ചരിത്രകഥപറയുന്ന അപൂർവനിമിഷങ്ങൾ ഏറ്റെടുത്ത പ്രവൃത്തിയിലെല്ലാം കൊണ്ടുവന്നയാളാണ് ഇദ്ദേഹം. ചരിത്രാന്വേഷകനും ചിത്രകാരനും ഒന്നാകുന്ന അപൂർവത.
ജന്മംകൊണ്ട് കണ്ണൂരിലെ ഇരിണാവ് സ്വദേശിയാണെങ്കിലും ഇരുപതു വർഷത്തിലേറെയായി കോഴിക്കോട് പെരുവയൽ പഞ്ചായത്തിലാണ് താമസം. ചിത്രകലയോടുള്ള ഇഷ്ടംമൂലം ഡിപ്ലോമ പഠനം. കോയന്പത്തൂരിൽ പരസ്യ ഏജൻസിയിൽ ജോലിചെയ്യവേ സിഎംഐ സഭയുടെ സർവമതകേന്ദ്രമായ ദിവ്യോദയ ഇന്റർ റിലീജിയസ് സെന്ററിന്റെ ആർട്ട് ഗാലറിയിൽ ചെയ്ത കലാസംവിധാനം ഏറെ പ്രശംസ പിടിച്ചുപറ്റി. ഇതായിരുന്നു ആദ്യ കാൽവയ്പ്പ്. ദൈവത്തിന്റെ സൃഷ്ടികളാണ് എല്ലാ ജീവജാലങ്ങളെന്നും തിരികെ ദൈവത്തിലേക്കുതന്നെ പോകേണ്ടവരാണന്നും ചിത്രീകരിക്കാൻ അദ്ഭുതപ്പെടുത്തുന്ന വെളിച്ചവിന്യാസത്തിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു. അത് ആസ്വാദകരെ ഏറെ ആകർഷിച്ചു.
തന്നെ തേടിയെത്തുന്നവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ അതിലേറെ ഉൾക്കാഴ്ചയോടെ ഗ്രഹിച്ചെടുത്താണ് നമ്പ്യാർ തന്റെ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. പോയകാലമായതിനാൽ ചില കാര്യങ്ങളിൽ കൃത്യമായ രേഖയുണ്ടാവില്ല. അപ്പോൾ അതു തേടിപ്പോകണം. ചിലപ്പോൾ രേഖകളുടെ കൂമ്പാരങ്ങളിൽനിന്ന് ആവശ്യമായവയെടുത്ത് കാര്യമാത്രപ്രസക്തമാക്കി സംഗ്രഹിക്കേണ്ടിയും വരും. ഇത് രണ്ടും ചെയ്യുന്നതിലെ കൃത്യതകൊണ്ടാണ് ഇദ്ദേഹത്തിന്റെ സൃഷ്ടികൾ ഇപ്പോഴും കാലങ്ങൾക്കപ്പുറത്തേക്ക് വെളിച്ചം വീശുന്നത്.
കലാസംവിധാനത്തിലെ ഏഴഴക്
മാന്നാനത്തെ വിശുദ്ധ ചാവറ മ്യൂസിയം, ഭരണങ്ങാനത്തെ എഫ്സിസി മഠത്തിലെ അൽഫോസാ മ്യൂസിയം, അവിടെത്തന്നെയുള്ള ഓഡിയോ വിഷ്വൽ ഗാലറി, കുടമാളൂർ ഫൊറോന പള്ളിയിലെ അൽഫോൻസാ മ്യൂസിയം, കുടമാളൂർ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലെ മ്യൂസിയം, ചങ്ങനാശ്ശേരിയിലെ സെന്റ് ആൻസ് സ്കൂളിനോടനുബന്ധിച്ചുള്ള അൽഫോൻസാ മ്യൂസിയം, ചങ്ങനാശേരിയിലെ ഹോളി ക്വീൻസ് പ്രോവിൻസിന്റെ കാര്മല് മ്യൂസിയം, കുറവിലങ്ങാട് പള്ളിയോടനുബന്ധിച്ച മ്യൂസിയം, ഒല്ലൂരിലെ വിശുദ്ധ ഏവുപ്രാസ്യ മ്യൂസിയം, ചങ്ങനാശേരി അസംപ്ഷൻ കോളജ് ഹെറിറ്റേജ് മ്യൂസിയം, കോട്ടയം ഇടയ്ക്കാട്ടു പള്ളിയിലെ ബിഷപ് മാർ മാത്യു മാക്കീലിന്റെ മ്യൂസിയം, ചേർത്തല വയലാറിലെ എംഎസ്ജെ സഭയുടെ നേതൃത്വത്തിലുള്ള ജോസഫ് സി. പഞ്ഞിക്കാരൻ ഓഡിയോ വിഷ്വൽ ഗാലറി തുടങ്ങിയവ ഇദ്ദേഹത്തിന്റെ കലാസംവിധാനത്തിൽ പിറവിയെടുത്തവയാണ്.
ഇതിൽ അൽഫോൻസാ മ്യൂസിയം, ഓഡിയോ വിഷ്വൽ ഗാലറി എന്നിവ ഇദ്ദേഹത്തിന്റെ ചരിത്രഗവേഷണത്തിന്റെ നേർസാക്ഷ്യങ്ങളാണ്. വർഷങ്ങളായി നടത്തിയ പഠനങ്ങളും ചിന്തകളുമാണ് മൂസിയത്തെയും വിഷ്വൽ ഗാലറിയെയും ഏറെ പ്രിയപ്പെട്ടതാക്കുന്നത്. അൽഫോൻസാമ്മയുടെ ഹ്രസ്വജീവിതത്തിൽ ആകെ പകർത്തിയ നാലു ഫോട്ടോകളും അമൂല്യനിധിപോലെ വിഷ്വൽ ഗാലറിയിലുണ്ട്. അതുപോലെ അൽഫോൻസാമ്മയുടെ തിരുശരീരത്തിന്റെ പൂജ്യാവശിഷ്ടങ്ങളും അമ്മ ഉപയോഗിച്ച വസ്തുക്കളും ഫ്യൂമിഗേഷൻ ചെയ്തു ഗ്ലാസ് ജാറുകളിൽ അടച്ച് ഒന്നുപോലും നഷ്ടപ്പെട്ടുപോകാതെ ഇവിടെ സൂക്ഷിക്കാൻ ഈ കലാകാരനു സാധിച്ചു. ചാണകംമെഴുകി മനോഹരമാക്കിയ അൽഫോൻസാമ്മയുടെ മുറിയും പഴമയുടെ മട്ട് വിട്ടുപോകാതെ സൂക്ഷിച്ചിട്ടുണ്ട്.
ആർട്ട് ആൻഡ് ഡിസൈൻ സ്റ്റുഡിയോ
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഏഴു കിലോമീറ്റർ അകലെ പെരുവയൽ ടൗണിനടുത്താണ് രാമചന്ദ്രൻ നമ്പ്യാരുടെ ആർട്ട് ആൻഡ് ഡിസൈൻ സ്റ്റുഡിയോ. വീടിനോടു ചേർന്നുള്ള വർക്ക് ഷെഡിൽ സഹായികളായ ജോലിക്കാരും ഉണ്ട്. പരസ്യകലാമേഖലയിലെ നീണ്ട പ്രവർത്തനപരിചയവും ഈ മേഖലയിലെ വിദഗ്ധരുമായുള്ള സമ്പർക്കവും അധ്യാപനത്തിലൂടെ നേടിയെടുത്ത കലാപ്രവൃത്തികളുടെ മിനുക്കിയെടുപ്പുകളുമാണ് ഇദ്ദേഹത്തെ ഈ രംഗത്ത് കൈപിടിച്ചുയർത്തിയത്. നീലേശ്വരം ഹയർ സെക്കന്ഡറി സ്കൂളിൽനിന്ന് അഞ്ചുവർഷംമുമ്പ് വിരമിച്ചശേഷം മുഴുവൻസമയവും സ്റ്റുഡിയോ പ്രവർത്തനത്തിൽ വ്യാപൃതനാണ്.
കോയമ്പത്തൂരിലെ സിഎംഐ പ്രേഷിതാ പ്രൊവിൻസിൽ സീനിയർ വൈദികനായ റവ.ഡോ. തോമസ് ചീരൻ സിഎംഐ ആണ് ഏറെ സ്വാധീനിച്ച വ്യക്തിത്വവും വഴികാട്ടിയുമെന്നു രാമചന്ദ്രൻ നന്പ്യാർ പറയുന്നു. എഴുത്തുകാരിയും കോഴിക്കോട് സെന്റ് ആന്റണീസ് സ്കൂളിൽനിന്നു വിരമിച്ച അധ്യാപികയുമായ നിർമല ജയിംസാണ് (തിരുവനന്തപുരം) സ്ക്രിപ്റ്റുകൾ കൈകാര്യം ചെയ്യുന്നത്. മൊഴിമാറ്റം, ചിത്രീകരണ ആശയം എന്നിവയ്ക്കായി കോപ്പി റൈറ്ററായ വി.കെ. ദിനേശ് (കോയമ്പത്തൂർ), സീനിയർ ആർട്ടിസ്റ്റ് പ്രിൻസ് കോങ്ങനൂർ (തൃശൂർ), ഫിനിഷിംഗ് ആർട്ടിസ്റ്റായി പ്രേമൻ (കരുവിശ്ശേരി), ശില്പനിർമാണങ്ങൾക്കു സഹായികളായി കുംഭകോണം ഫൈൻ ആർട്സ് കോളേജിലെ പൂർവവിദ്യാർഥികൾ എന്നിവർ ഒപ്പമുണ്ട്. ഭാര്യ രമാദേവി കോഴിക്കോട് മണക്കാട് ഗവൺമെന്റ് യുപി സ്കൂളിലെ അധ്യാപികയാണ്. ഗായത്രി (അമൃത യൂണിവേഴ്സിറ്റി), കാർത്തിക് (എൻജിനീയർ, റിയാദ്) എന്നിവരാണ് മക്കൾ. മരുമകൻ: ഗോവിന്ദ് ചന്ദ്രഭാനു (സീനിയർ എൻജിനീയർ, എൽ ആൻഡ് ടി, ബറോഡ).
മാറ്റങ്ങൾക്കൊപ്പം നടന്ന്...
അനുദിനമുള്ള സാങ്കേതിക മാറ്റങ്ങൾക്കൊപ്പം നടന്നുമുന്നേറുക വളരെ പ്രധാനമാണെന്ന് രാമചന്ദ്രൻ നന്പ്യാർ പറയുന്നു. വിസ്മയിപ്പിക്കുന്ന മാറ്റങ്ങളാണ് ലൈറ്റുകളുടെ കാര്യത്തിലും പ്രിന്റിംഗ് മേഖലയിലും ഉണ്ടാവുന്നത്. മുന്പ് സൃഷ്ടികളിൽ പൂർണമായും വെളിച്ചമെത്തുന്ന വിധത്തിലായിരുന്നുവെങ്കിൽ ഇപ്പോഴത് മാറി. ലൈറ്റ് വർണാഭമാകുകയും എവിടെ സെറ്റ് ചെയ്തുവെന്ന് മനസിലാക്കാൻ കഴിയാത്ത തരത്തിലുമായി. ചൂടു പരത്തുന്ന ഹാലൊജൻ ബൾബുകളൊക്കെ പോയ്മറഞ്ഞു. ഇന്നുള്ള പ്രഫഷണൽ ലൈറ്റിംഗുകൾ ഒട്ടും ചൂടേൽക്കാതെ പ്രിന്റിന് സംരക്ഷണം നൽകും. കൂടുതൽ അക്രിലിക് മീഡിയമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
ക്നാനായ ഗാലറിക്ക് കോമൺ മ്യൂസിക് ട്രാക്കായി ഗ്രിഗോറിയൻ ചാന്റ് ആണ് കേൾപ്പിക്കുക. വിഷ്വൽ ടൂർ ഉൾപ്പെടെ കാണിച്ചുകൊടുത്തുകൊണ്ടാണ് പ്രസന്റേഷൻ തുടങ്ങുന്നത്.
ഓയിൽ പെയിന്റിംഗുകൾ, അക്രിലിക് പെയിന്റിംഗുകൾ, പെൻആൻഡ് ഇങ്ക് ഡ്രോയിംഗുകൾ, മിനിയേച്ചറുകൾ, ഫൈബർഗ്ലാസ് ശില്പങ്ങൾ, മ്യൂറലുകൾ, മരത്തിലുള്ള കൊത്തുപണികൾ, ചെമ്പു തകിടിലെ റിലീഫുകൾ, എയർ ബ്രഷിംഗ് മിത്തോളജിക്കൽ ഡ്രോയിംഗുകൾ, തഞ്ചാവൂർ സ്റ്റെൽ പെയിന്റിംഗുകൾ, കമ്പ്യൂട്ടർ ഗ്രാഫിക്സ് എന്നിവ സ്റ്റുഡിയോയിൽ ചെയ്തെടുക്കുന്നു. മ്യൂസിയങ്ങൾക്കുവേണ്ട പ്രത്യേക ഫർണിച്ചറുകളും ഡിസ്പ്ലേകൾക്കുവേണ്ട കൊത്തുപണിചെയ്ത ഫ്രെയിമുകളും ഏറ്റവും മികവോടെയാണ് തയാറാക്കുന്നത്. കേരളത്തിൽ നിർമിക്കപ്പെട്ടവയിൽ ഏറ്റവും വലിയ ഫൈബർഗ്ലാസ് മ്യൂറൽ രാമചന്ദ്രൻ നന്പ്യാരുടെ സ്റ്റുഡിയോയിൽ ചെയ്തതാണ്.
ഫോൺ : 9746562722
ഇമെയിൽ: [email protected].